സ്റ്റോയിനിസിന്റെ ഇന്നിംഗ്സ് പ്രശംസനീയം, റബാഡ മാച്ച് വിന്നര്‍ – ശ്രേയസ്സ് അയ്യര്‍

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരം മാറി മറിയുന്നത് കണ്ട് നില്‍ക്കുക ഏറ്റവും പ്രയാസകരമായ കാര്യമായിരുന്നുവെന്ന് പറഞ്ഞ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍. ഡല്‍ഹിയ്ക്ക് സൂപ്പര്‍ ഓവറില്‍ വിജയം നേടാനായെങ്കിലും ക്യാച്ചിംഗ് പോലുള്ള കാര്യങ്ങളില്‍ ടീം ഇനിയും മെച്ചപ്പെടുവാനുണ്ടെന്ന് അയ്യര്‍ പറഞ്ഞു.

മാര്‍ക്കസ് സ്റ്റോയിനിസ് പിച്ച് മനസ്സിലാക്കി ബാറ്റ് ചെയ്ത വിധം ഏറെ പ്രശംസനീയമാണ്. ഇന്നിംഗ്സില്‍ പ്രതിസന്ധി ഘട്ടത്തില്‍ ക്രീസിലെത്തി അവസാന ഓവര്‍ വരെ നിലയുറച്ച ശേഷം ടീമിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് സ്റ്റോയിനിസിന്റെ പ്രകടനമാണ്. അത് പോലെ തന്നെ കാഗിസോ റബാഡ ഒരു മാച്ച് വിന്നറാണെന്നും അതിനാലാണ് താന്‍ അവസാന ഓവറിലേക്ക് താരത്തെ കാത്ത് സൂക്ഷിച്ചതെന്നും അയ്യര്‍ പറഞ്ഞു.

താനും പന്തും മധ്യ ഓവറുകളില്‍ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തതെന്നും എന്നാല്‍ ടോപ് ഓര്‍ഡറില്‍ നിന്ന് അടുത്ത മത്സരത്തില്‍ ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ടെന്നും ശ്രേയസ്സ് അയ്യര്‍ സൂചിപ്പിച്ചു.

Advertisement