അത് ക്യാച്ചായിരുന്നുവെന്ന് ഞാന്‍ കരുതുന്നു: രഹാനെ

- Advertisement -

കരുണ്‍ നായര്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് മത്സരത്തില്‍ പഞ്ചാബിനു നേരിയ മുന്‍തൂക്കം നല്‍കിയ ശേഷം വിക്കറ്റുകള്‍ നേടിയും ബൗണ്ടറി നിഷേധിച്ചും രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയ പഞ്ചാബ് ഇന്നിംഗ്സിന്റെ 15ാം ഓവറില്‍ മത്സരത്തിലെ നിര്‍ണ്ണായകമായ സംഭവം നടന്നിരുന്നു. ജയ്ദേവ് ഉനഡ്കട് എറിഞ്ഞ 15ാം ഓവറിന്റെ അഞ്ചാം പന്തില്‍ സഞ്ജു സാംസണ്‍ പോയിന്റില്‍ കെഎല്‍ രാഹുലിന്റെ ക്യാച് പൂര്‍ത്തിയാക്കിയെന്ന് കരുതി ആഘോഷമാരംഭിച്ചപ്പോള്‍ മത്സരം രാജസ്ഥാനു അനുകൂലമായി തിരിഞ്ഞുവെന്നായിരുന്നു കരുതിയത്.

രാഹുല്‍ 39 പന്തില്‍ 42 റണ്‍സാണ് ആ ഘട്ടത്തില്‍ നേടിയത്. തന്റെ പതിവു ശൈലിയ്ക്ക് വിപരീതമായി മെല്ലെയാണ് രാഹുല്‍ തന്റെ ഇന്നിംഗ്സ് പ്ലാന്‍ ചെയ്തത്. എന്നാല്‍ അമ്പയര്‍മാര്‍ അത് ക്യാച്ച് അല്ലെന്ന സോഫ്ട് സിഗ്നലോടു കൂടി ടിവി അമ്പയറുടെ സഹായം തേടുകയായിരുന്നു. റിപ്ലേകളില്‍ നിന്ന് വ്യക്തമാക്കുവാന്‍ അമ്പയര്‍മാര്‍ക്ക് സാധിക്കാതെ വന്നപ്പോള്‍ ആനുകൂല്യം ബാറ്റ്സ്മാനു ലഭിക്കുകയായിരുന്നു.

തനിക്ക് ലഭിച്ച അവസരം തീര്‍ത്തും മുതലാക്കി ഒറ്റയാള്‍ പ്രകടനത്തിലൂടെ കെഎല്‍ രാഹുല്‍ മത്സരം രാജസ്ഥാനില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. അടുത്ത 15 പന്തുകളില്‍ രാഹുല്‍ 42 റണ്‍സ് നേടിയപ്പോള്‍ 84 റണ്‍സിന്റെ വ്യക്തിഗത സ്കോറോടു കൂടി ടീമിനെ 18.4 ഓവറില്‍ രാഹുല്‍ വിജയത്തിലെത്തിക്കുകയായിരുന്നു.

എന്നാല്‍ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ അജിങ്ക്യ രഹാനെ അമ്പയര്‍മാരുടെ തീരുമാനത്തോട് വിജയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അത് വ്യക്തമായൊരു ക്യാച്ച് ആയിരുന്നുവെന്നും എന്നാല്‍ അമ്പയര്‍മാര്‍ മറിച്ച് ചിന്തിക്കുകയായിരുന്നുവെന്നും അത് തന്റെ ടീമിന്റെ തോല്‍വിയ്ക്ക് ഒരു കാരണമായെന്നും വിശ്വസിക്കുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement