ഐപിഎല്‍ ക്രിക്കറ്ററെന്ന നിലയില്‍ നിങ്ങളെ പൂര്‍ണ്ണനാക്കുന്നു – നാസര്‍ ഹുസൈന്‍

ഐപിഎല്‍ ഒരു ലേണിംഗ് സ്കൂള്‍ അല്ലെന്നും അത് ഫിനിഷിംഗ് സ്കൂള്‍ ആണെന്നും പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. നിങ്ങളെ ക്രിക്കറ്ററെന്ന നിലയില്‍ അത് പൂര്‍ണ്ണനാക്കുന്നുവെന്ന് ഹുസൈന്‍ പറഞ്ഞു. ഏത് ക്രിക്കറ്റര്‍ക്കും ചില കാര്യങ്ങളില്‍ പിന്നോട്ട് പോകുന്ന സാഹചര്യം ഉണ്ടാകും, ഉദാഹരണത്തിന് വരണ്ട പിച്ചുകള്‍ അല്ലെങ്കില്‍ സ്പിന്നുള്ള പിച്ചുകളില്‍ കളിക്കുക, അതെല്ലാം പഠിച്ച് ക്രിക്കറ്ററെന്ന നിലയില്‍ പരിപൂര്‍ണ്ണനാകാനുള്ള അവസരമാണ് ഐപിഎല്‍ നല്‍കുന്നതെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു.

വലിയ ആള്‍ക്കൂട്ടത്തിന് മുന്നില്‍ കളിക്കുക വഴി സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ പഠിക്കുക, ലോകോത്തര താരങ്ങളുമായി കളിക്കാന്‍ അവസരം ലഭിക്കുന്നു എന്നതെല്ലാം ഐപിഎലിന്റെ ഗുണഗണങ്ങളാണെന്ന് നാസര്‍ ഹുസൈന്‍ വ്യക്തമാക്കി. ഇന്ന് മോഡേണ്‍ കാലത്തെ ഫിനിഷിംഗ് സ്കൂളിന്റെ റോളാണ് ഐപിഎലിനുള്ളതെന്നും ഇംഗ്ലണ്ട് നായകന്‍ അഭിപ്രായപ്പെട്ടു.