ആരാധകർക്ക് തിരിച്ചടി, ഐ.പി.എൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകോത്തകമാനം പടരുന്ന കൊറോണ വൈറസ് ബാധയെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കാൻ നീക്കം. കേന്ദ്ര സർക്കാർ കർശന നിയന്ത്രങ്ങൾ കൊണ്ടുവന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റിവെക്കുകയോ അല്ലെങ്കിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുകയോ മാത്രമാവും ബി.സി.സി.ഐക്ക് മുൻപിലുള്ള വഴി. കൂടാതെ ഏപ്രിൽ 15 വരെ വിസ നിയമത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ നിയന്ത്രണം വിദേശ താരങ്ങളെ ഐ.പി.എല്ലിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും.

ഏകദേശം 60ൽ അധികം വിദേശ താരങ്ങൾ വിവിധ ടീമുകളാക്കായി കളിക്കുന്നുണ്ട്. വിസ നിയന്ത്രണം വന്നതോടെ മാർച്ച് 29ന് തുടങ്ങുന്ന ടൂർണമെന്റിൽ ഏപ്രിൽ 15 വരെ വിദേശ താരങ്ങൾക്ക് ടീമുകൾക്ക് വേണ്ടി കളിക്കാൻ കഴിയില്ല. അതെ സമയം മാർച്ച് 14ന് മുംബൈയിൽ വെച്ച് നടക്കുന്ന ഐ.പി.എൽ ഗവേർണിംഗ് കൗൺസിലിന്റെ മീറ്റിംഗിൽ ഐ.പി.എല്ലിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

കായിക മത്സരങ്ങൾ നടത്തുകയാണെങ്കിൽ വലിയ രീതിയിൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം നിലവിലുണ്ട്. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള സാധ്യത വർദ്ധിച്ചു. നേരത്തെ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ഇന്ത്യൻ പ്രീമിയർ ലീഗ് ഒരു കാരണവശാലും മാറ്റിവെക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയെയും കേന്ദ്ര സർക്കാരിന്റെ തീരുമാനം ബാധിക്കുമെന്നാണ്‌ കരുതപ്പെടുന്നത്.