ലക്ഷ്യം കപ്പ് നേടുക, പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്നതല്ല

- Advertisement -

താനും തന്റെ ടീമും ഇവിടെ ഐപിഎല്‍ വിജയിക്കുക എന്ന ലക്ഷ്യവുമായാണ് എത്തിയിരിക്കുന്നത് അല്ലാതെ യുവ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്നതല്ല തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. തന്റെ ടീമിന്റെ പ്രായത്തെക്കുറിച്ചുള്ള പരാമര്‍ശത്തിനു മറുപടിയായാണ് ചെന്നൈ കോച്ചിന്റെ ഇപ്രകാരമുള്ള മറുപടി. ലേല സമയം മുതല്‍ സീനിയര്‍ താരങ്ങളെ ടീമിലെത്തിച്ചതിനു പഴി കേള്‍ക്കേണ്ടി വന്ന ഫ്രാഞ്ചൈസിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്നാല്‍ പ്രായത്തെ വെല്ലുന്ന പ്രകടനമാണ് പലപ്പോഴും ഈ മുതിര്‍ന്ന താരങ്ങള്‍ പുറത്തെടുത്തത്.

ഇവര്‍ക്ക് 55-56 വയസ്സല്ല, 35-36 വയസ്സാണ്. പക്ഷേ പ്രതികരണങ്ങളും ചോദ്യങ്ങളും വരുന്നത് 50 കടന്ന താരങ്ങളുടെ ടീമാണ് ചെന്നൈ എന്ന നിലയിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ എട്ട് വര്‍ഷത്തോളം പരിശീലിപ്പിച്ച ഫ്ലെമിംഗ് ഇതില്‍ ആറ് തവണ ടീമിനെ ഫൈനലില്‍ എത്തിക്കുകയും രണ്ട് ചവണ ചാമ്പ്യന്മാരാകുകയും ചെയ്തിരുന്നു.

വാട്സണ്‍, ധോണി, ബ്രാവോ എന്നിവരുടെ ഇതുവരെയുള്ള ടൂര്‍ണ്ണമെന്റ് പ്രകടനം പരിഗണിച്ചാല്‍ തന്നെ പ്രായം വെറും നമ്പറുകള്‍ മാത്രമാണെന്നത് നമുക്ക് മനസ്സിലാകുമെന്നും ഫ്ലെമിംഗ് കൂട്ടിചേര്‍ത്തു. യുവതാരങ്ങള്‍ വരുന്നത് നല്ലതാണ്, പക്ഷേ വലിയൊരു സീസണാണ് ഐപിഎലിന്റെ പ്രത്യേകത അതില്‍ സ്ഥിരതയും പ്രൊഫഷണലിസും ഏറെ പ്രാധാന്യമുള്ളതാണ്. ഈ സീനിയര്‍ താരങ്ങള്‍ക്ക് അവ വേണ്ടുവോളമുണ്ടെന്നും ഫ്ലെമിംഗ് അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement