ബാംഗ്ലൂര്‍ സ്പിന്നര്‍മാരുടെ സമ്മര്‍ദ്ദം അതിജീവിച്ച് മുംബൈ, വിജയ ശില്പിയായി ഹാര്‍ദ്ദിക് പാണ്ഡ്യ, ബാംഗ്ലൂരിനു ഏഴാം തോല്‍വി

- Advertisement -

ബാംഗ്ലൂര്‍ സ്പിന്നര്‍മാര്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ അതിജീവിച്ച് മുംബൈ ഇന്ത്യന്‍സ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ 19ാം ഓവറിലെ വെടിക്കെട്ടാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത്. 16 പന്തില്‍ നിന്ന് 37 റണ്‍സുമായി താരം പുറത്താകാതെ നിന്നപ്പോള്‍ ജയം മുംബൈയ്ക്ക് സ്വന്തമാക്കി. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ബാംഗ്ലൂര്‍ നേടിയത്. പവര്‍പ്ലേയില്‍ 65 റണ്‍സാണ് മുംബൈ നേടിയത്. രണ്ടോവറില്‍ 22 റണ്‍സ് നേടേണ്ടിയിരുന്നപ്പോള്‍ പവന്‍ നേഗിയെറിഞ്ഞ ഓവറില്‍ തന്നെ ലക്ഷ്യം നേടുകയായിരുന്നു മുംബൈ.

പേസര്‍മാരെ അടിച്ച് തകര്‍ത്ത് മുംബൈ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും-രോഹിത് ശര്‍മ്മയും ചേര്‍ന്ന് 7 ഓവറില്‍ 70 റണ്‍സ് നേടിയപ്പോള്‍ ഉമേഷ് യാദവും നവ്ദീപ് സൈനിയും മുഹമ്മദ് സിറാജുമെല്ലാം കണക്കറ്റ് പ്രഹരം വാങ്ങിക്കുകയായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ക്വിന്റണ്‍ ഡി കോക്ക് കൂടുതല്‍ അപകടകാരിയായപ്പോള്‍ മികച്ച ഷോട്ടുകളുമായി രോഹിത് ശര്‍മ്മയും ടീമിനു മികച്ച തുടക്കമാണ് നല്‍കിയത്.

മോയിന്‍ അലി എറിഞ്ഞ എട്ടാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ രോഹിത് ശര്‍മ്മയെ ക്ലീന്‍ ബൗള്‍ഡാക്കി ബാംഗ്ലൂര്‍ മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി. അതേ ഓവറില്‍ തന്നെ മോയിന്‍ അലി ക്വിന്റണ്‍ ഡി കോക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 26 പന്തില്‍ നിന്ന് 40 റണ്‍സാണ് ഡി കോക്ക് നേടിയത്.

ഇരുവശത്ത് നിന്നും സ്പിന്നര്‍മാരെ ഇറക്കി ആക്രമിക്കുവാനുള്ള വിരാട് കോഹ്‍ലിയുടെ തന്ത്രത്തിനു മറുപടി നല്‍കുവാന്‍ ഇഷാന്‍ കിഷന്‍ സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. 9 പന്തില്‍ നിന്ന് 21 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ എന്നാല്‍ ചഹാലിനു വിക്കറ്റ് നല്‍കി. 104/3 എന്ന നിലയിലായ മുംബൈയെ സൂര്യകുമാര്‍ യാദവും ക്രുണാല്‍ പാണ്ഡ്യയും കരുതലോടെ സ്പിന്നര്‍മാര്‍ക്കെതിരെ അധികം റിസ്ക് എടുക്കാതെ സ്കോര്‍ 127 റണ്‍സിലേക്ക് 15 ഓവര്‍ അവസാനിച്ചപ്പോള്‍ എത്തിച്ചു.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 45 റണ്‍സായിരുന്നു മുംബൈയുടെ വിജയലക്ഷ്യം. ചഹാലിന്റെ അവസാന ഓവറില്‍ വലിയ ഷോട്ടിനു മുതിര്‍ന്ന് 29 റണ്‍സ് നേടിയ സൂര്യകുമാര്‍ പുറത്തായതോടെ മത്സരത്തില്‍ മുംബൈ വീണ്ടും പ്രതിരോധത്തിലായി. ഓവറില്‍ നിന്ന് വെറും നാല് റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്.

24 പന്തില്‍ നിന്ന് 41 റണ്‍സെന്ന ലക്ഷ്യം ചെറുക്കുവാന്‍ കോഹ്‍ലി പിന്നെ പോകേണ്ടത് പേസര്‍മാരുടെ അടുത്തായിരുന്നു. ഓവറിന്റെ ആദ്യ പന്തില്‍ സൈനിയെ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗണ്ടറി നേടിയെങ്കിലും അടുത്ത നാല് പന്തില്‍ നിന്ന് വെറും രണ്ട് റണ്‍സാണ് സൈനി വഴങ്ങിയത്. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കിയ അവസരം ടിം സൗത്തി കൈവിടുകയും പന്ത് ബൗണ്ടറി പോകുകയും ചെയ്തതോടെ ലക്ഷ്യം മൂന്നോവറില്‍ 31 റണ്‍സായി മാറി.

മുഹമ്മദ് സിറാജ് എറിഞ്ഞ 18ാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെ പുറത്താക്കി ബാംഗ്ലൂര്‍ മത്സരം കൂടുതല്‍ ആവേശകരമാക്കി. 21 പന്തില്‍ നിന്ന് 11 റണ്‍സാണ് ക്രുണാല്‍ പാണ്ഡ്യ നേടിയത്. ഓവറില്‍ നിന്ന് 9 റണ്‍സ് മാത്രം വഴങ്ങിയെങ്കിലും ക്രുണാല്‍ പാണ്ഡ്യയയുടെ വിക്കറ്റ് നേടിയത് ബാംഗ്ലൂരിനു മികച്ചതായി. 12 പന്തില്‍ നിന്ന് 22 റണ്‍സായിരുന്നു മുംബൈയുടെ വിജയ ലക്ഷ്യം. 19ാം ഓവര്‍ എറിഞ്ഞ പവന്‍ നേഗിയുടെ ആദ്യ പന്തില്‍ റണ്‍ നേടാനായില്ലെങ്കിലും അടുത്ത നാല് പന്തില്‍ രണ്ട് സിക്സും രണ്ട് ഫോറും നേടി ഹാര്‍ദ്ദിക് മത്സരം മാറ്റി മറിയ്ക്കുകയായിരുന്നു.

ബാംഗ്ലൂര്‍ നിരയില്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തത് മോയിന്‍ അലിയായിരുന്നു. 18 റണ്‍സ് മാത്രമാണ് രണ്ട് വിക്കറ്റ് നേടുവാന്‍ മോയിന്‍ അലി വിട്ട് നല്‍കിയത്. ചഹാറും തന്റെ നാലോവറില്‍ 27 റണ്‍സ് നല്‍കി 2 വിക്കറ്റ് നേടി.

Advertisement