ഐപിഎലില്‍ ഏറ്റവും അധികം റിട്ടേണ്‍ ക്യാച്ച് പുറത്താക്കലുകള്‍ സ്വന്തമാക്കി ഹര്‍ഭജന്‍ സിംഗ്

- Advertisement -

വിരാട് കോഹ്‍ലിയെ പുറത്താക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ആദ്യ പ്രഹരം നല്‍കിയ ഹര്‍ഭജന്‍ സിംഗ് മോയിന്‍ അലിയെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുമ്പോള്‍ ഐപിഎലില്‍ ഏറ്റവും അധികം റിട്ടേണ്‍ ക്യാച്ച് പുറത്താക്കലുകള്‍ സ്വന്തമാക്കുന്ന താരമെന്ന് ബഹുമതി കൂടി സ്വന്തമാക്കുകയായിരുന്നു ഇന്ന്. തന്റെ മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ഒമ്പത് റണ്‍സ് നേടിയ മോയിന്‍ അലിയെ പുറത്താക്കിയപ്പോള്‍ മത്സരത്തില്‍ തന്റെ രണ്ടാം വിക്കറ്റാണ് ഭജ്ജി സ്വന്തമാക്കിയത്. പിന്നീട് അവസാന ഓവറില്‍ അപകടകാരിയായ എബി ഡി വില്ലിയേഴ്സിനെയും ഹര്‍ഭജന്‍ പുറത്താക്കി.

കോട്ട് & ബൗള്‍ഡ് രീതിയില്‍ 11 വിക്കറ്റുകളാണ് ഐപിഎല്‍ ചരിത്രത്തില്‍ ഹര്‍ഭജന്റെ നേട്ടം. ചെന്നൈയുടെ തന്നെ ഡ്വെയിന്‍ ബ്രാവോയ്ക്കൊപ്പം പത്ത് വിക്കറ്റുകളുമായി നിലകൊള്ളുകയായിരുന്നു ഹര്‍ഭജന്‍ ഇതുവരെ. സുനില്‍ നരൈന്‍ ഏഴ് വിക്കറ്റുമായി മൂന്നാമതും കീറണ്‍ പൊള്ളാര്‍ഡ് 6 വിക്കറ്റുമായി നാലാം സ്ഥാനത്തും നിലകൊള്ളുന്നു.

എബി ഡി വില്ലിയേഴ്സിനെ തന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ ഇമ്രാന്‍ താഹിര്‍ കൈവിടുന്നത് ഹര്‍ഭജനെ നിരാശപ്പെടുത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ എബിയെ പുറത്താക്കി ഹര്‍ഭജന്‍ പകരം വീട്ടി. തന്റെ നാലോവര്‍ സ്പെല്‍ ആദ്യ എട്ടോവറിനുള്ളില്‍ ഹര്‍ഭജന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 20 റണ്‍സിനു മൂന്ന് വിക്കറ്റാണ് താരം നേടിയത്.

Advertisement