
ഐപിഎല്‍ കോഴ വിവാദം കാരണം വിലക്കേര്‍പ്പെടുത്തി ചെന്നൈ, രാജസ്ഥാന് ടീമുകള്‍ക്ക് പകരം ഗ്യാപ് ഫില്ലേഴ്സ് ആയി വന്ന ടീമുകളില്‍ ഒന്നാണ് ഗുജറാത്ത് ലയണ്‍സ്. എന്നാല്‍ ആദ്യ സീസണില്‍ തന്നെ 18 പോയിന്റുകളുമായി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ അവര്‍ക്കായി. പക്ഷേ ക്വാളിഫയര്‍ 1 ല്‍ ബാംഗ്ലൂരിനോടും രണ്ടാം ക്വാളിഫയറില്‍ ഹൈദ്രബാദിനോടും തോറ്റ ഗുജറാത്തിനു ഗ്രൂപ്പ് ഘട്ടങ്ങളിലെ മികവ് പുലര്‍ത്താനായില്ല. ഈ സീസണിനു ശേഷം ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ ഭാവി എന്തെന്ന് തീര്‍ച്ചയില്ലാത്ത അവരുടെ പ്രകടനം ഈ സീസണിലും മികച്ചതായിരിക്കുമെന്ന് തന്നെ കരുതാം.
മികച്ച ഹിറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരും അടങ്ങിയ ടീമിലെ ദുര്‍ബലമായ കണ്ണി എന്ന് പറയാവുന്നത് ബൗളിംഗ് വിഭാഗം തന്നെയാണ്. ധവാല്‍ കുല്‍ക്കര്‍ണി മികച്ച ഫോമിലാണ് തുടരുന്നതെങ്കിലും താരതമ്യേന പുതുമുഖങ്ങളായ മറ്റു ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഏറെ നിര്‍ണ്ണായകമായിരിക്കും. മലയാളിതാരം ബേസില്‍ തമ്പി ആഭ്യന്തര സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ആദ്യ ഇലവനില്‍ സ്ഥാനം ഉണ്ടാകാന്‍ സാധ്യതയില്ല. 3.2 കോടിയ്ക്ക് കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയെങ്കിലും പരിക്ക് കാരണം ഒരു മത്സരം പോലും കളിയ്ക്കാനാകാതെ പോയ നാഥു സിംഗിനെ സ്വന്തമാക്കി ഗുജറാത്ത് ലയണ്‍സ് തങ്ങളുടെ ബൗളിംഗ് നിരയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ താരം പ്രവീണ്‍ കുമാറും, മന്‍പ്രീത് ഗോണിയുമാണ് ബൗളിംഗ് നിരയിലെ മറ്റു പ്രധാനികള്‍.
ടീമിനെ ഏറ്റവും അലട്ടുന്ന വാര്‍ത്ത ക്യാപ്റ്റന്‍ സുരേഷ് റൈനയെക്കുറിച്ച് പുറത്ത് വരുന്നതാണ്. ക്രിക്കറ്റല്ല കുടംബമാണ് പ്രധാനമെന്ന സ്ഥിതിയിലേക്ക് റൈന ഏറെ മാറികഴിഞ്ഞിരിക്കുന്നു എന്നാണ് റൈനയുടെ സംസ്ഥാന കോച്ച് ഈ അടുത്ത് വെളിപ്പെടുത്തിയത്. ഐപിഎല്‍ മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ഫോം കാഴ്ചവയ്ക്കാന്‍ റൈനയ്ക്ക് ഗുജറാത്ത് കുപ്പായത്തില്‍ കഴിഞ്ഞില്ല എന്നതും തുടര്‍ന്ന് അഭ്യന്തര ക്രിക്കറ്റില്‍ അത്ര മികച്ച ഫോമിലുമല്ലാതായ റൈനയ്ക്ക് ബിസിസിഐ ഗ്രേഡ് ലെവല്‍ കരാര്‍ കൊടുക്കാതിരുന്നതും ഈ ഇടയ്ക്ക് വാര്‍ത്ത ആയിരുന്നു. കഴിഞ്ഞ ഐപിഎല്‍-ല്‍ 15 മത്സരങ്ങളില്‍ നിന്ന് 399 റണ്‍സ് മാത്രമാണ് റൈന നേടിയത്. എന്നാലും സമ്മര്‍ദ്ദത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ശേഷിയുള്ള തങ്ങളുടെ നായകനില്‍ പൂര്‍ണ്ണ വിശ്വാസം തന്നെയായിരിക്കും ഗുജറാത്ത് ലയണ്‍സ് ആരാധകര്‍ക്ക്.
നാല് മികച്ച വിദേശ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരടങ്ങിയ ടീമില്‍ ആദ്യ ഇലവനില്‍ ആര്‍ക്ക് സ്ഥാനം നല്‍കും എന്നതാണ് ടീം മാനേജ്മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളി. ആരോണ്‍ ഫിഞ്ച്, ബ്രണ്ടന്‍ മക്കല്ലം, ജേസണ്‍ റോയ്, ഡ്വെയിന്‍ സ്മിത്ത് എന്നിവരില്‍ രണ്ട് പേര്‍ക്കേ ആദ്യ ഇലവനില്‍ സ്ഥാനമുള്ളു. ഒരാളെക്കൂടി ടീമില്‍ ഇടം നല്കുകയാണെങ്കില് ജെയിംസ് ഫോക്നറെ പുറത്തിരുത്തി ഇറങ്ങേണ്ട അവസ്ഥയിലാണ് ഗുജറാത്ത്. ആദ്യ മത്സരങ്ങളില്‍ ഡ്വെയിന്‍ ബ്രാവോ കളിയ്ക്കാനിടയില്ലായെന്ന വാര്‍ത്ത നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലത്തേക്ക് ഈയൊരു പ്രശ്നത്തിനു പരിഹാരമാകുമെന്ന് കരുതാം.
സുരേഷ് റെയ്നയും, ദിനേശ് കാര്‍ത്തിക്കും അടങ്ങിയ മധ്യനിര മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തന്നെ കരുതണം. ദിനേശ് കാര്‍ത്തിക് ആഭ്യന്തരക്രിക്കറ്റിലെ തന്റെ മികച്ച ഫോമിലും ആണ്. വിജയ് ഹസാരെ, ദിയോദര്‍ ട്രോഫിയില്‍ തമിഴ്നാടിനെ വിജയത്തിലെത്തിയ്ക്കുന്നതില് പ്രധാനിയാണ് ഈ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്. ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ജെയിംസ് ഫോക്നര്‍ എന്നീ ഓള്‍റൗണ്ട് ത്രീമൂര്‍ത്തികളും ഒപ്പമെത്തുമ്പോള്‍ ലയണ്‍സിന്റെ ബാറ്റിംഗ് നിര ശക്തമാണ്. സുരേഷ് റെയ്നയ്ക്കും ഓള്‍റൗണ്ടര്‍ ദൗത്യം ഏറ്റെടുക്കാവുന്നതാണ്.
ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളര്‍ സ്ഥാനം കൈയ്യാളുന്ന രവീന്ദ്ര ജഡേജ മികച്ചൊരു സീസണ് കഴിഞ്ഞാണ് വരുന്നത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ഓസ്ട്രേലിയയെ വട്ടം കറിക്കിയ ജഡ്ഡു മാന്‍ ഓഫ് ദി സീരീസ് പട്ടവും സ്വന്തമാക്കിയിരുന്നു ഓസ്ട്രേലിയയ്ക്കെതിരെ. എന്നാല്‍ ടെസ്റ്റില്‍ നിന്ന് കുട്ടിക്രിക്കറ്റിലേക്ക് മാറുമ്പോള്‍ എത്രമാത്രം അതിലേക്ക് ജഡേജയ്ക്ക് ഉള്‍ക്കൊള്ളാനാകുമെന്നത് തന്നെയാവും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ജഡേജ തന്റെ ഫോം തുടര്‍ന്നാല്‍ മറ്റൊരു പ്ലേ ഓഫ് സ്ഥാനം ഗുജറാത്തിനു ഉറപ്പാണ്.
വിടപറയും മുമ്പ് വിധിയെഴുത്ത് നടത്തുവാനിറങ്ങുന്ന ഗുജറാത്ത് ലയണ്‍സിന്റെ ഐപിഎല്‍ രണ്ടാം സീസണ് മിന്നുന്നതാകുവാന് രണ്ട് DK കളെുടെ പ്രകടനം ഏറെ നിര്‍ണ്ണായകമായിരിക്കും. ദിയോദര്‍ ട്രോഫി ഫൈനലില്‍ നേടിയ 126 റണ്‍സിനു പുറമേ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എയ്ക്കെതിരെ 93 റണ്‍സും ദിനേശ് കാര്‍ത്തിക് നേടിയിരുന്നു. ഇതിനു പുറമേ വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ 112 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് സെമിയില്‍ 77 റണ്‍സും നേടിയിരുന്നു. 118,56*,88,81,45* എന്നിങ്ങനെയായിരുന്നു വിജയ് ഹസാരെയില്‍ ദിനേശ് കാര്‍ത്തികിന്റെ മറ്റു പ്രധാന സ്കോറുകള്‍.
ധവാല്‍ കുല്ക്കര്ണിയ്ക്കും മികച്ച ആഭ്യന്തര സീസണാണ് സമാപിച്ചത്. ദിയോദര്‍ ട്രോഫി ഫൈനലില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച കുല്‍ക്കര്‍ണി. അത് കൂടാതെ പ്രാഥമിക ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും മൂന്ന് വിക്കറ്റ് വീതം നേടിയിരുന്നു.
രണ്ട് പേരും മിന്നുന്ന ഫോമിലാണെന്നത് ടീം മാനേജ്മെന്റിനു ഏറെ ആശ്വാസം നല്കുന്ന ഒരു കാര്യമാണ്. ദിനേശ് കാര്‍ത്തിക്കും, ധവാല്‍ കുല്‍ക്കര്‍ണിയും ഐപിഎല്‍ 2017ല്‍ ഗുജറാത്ത് ലയണ്‍സിന്റെ മിന്നും താരങ്ങളാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒപ്പം അവര്‍ക്ക് മികച്ചൊരു സീസണ് ആശംസിക്കുകയും ചെയ്യാം.