ടീമെന്ന് നിലയില്‍ മികച്ച സീസണ്‍, എന്നാല്‍ മികച്ച ക്രിക്കറ്റ് കളിച്ചല്ല ഇവിടെ എത്തിയതെന്നത് യാഥാര്‍ത്ഥ്യം

- Advertisement -

ടീമെന്ന നിലയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു മികച്ച സീസണാണെങ്കിലും ഫൈനലില്‍ എത്തുന്നതിനു മികച്ച പ്രകടനം അല്ല ചെന്നൈ പുറത്തെടുത്തതെന്ന് പറഞ്ഞ് എംഎസ് ധോണി. ടീമിന്റെ ബാറ്റിംഗ് ആണ് പലപ്പോഴും നിരാശജനകമെങ്കിലും മധ്യനിരയുടെ പ്രകടനം തീരെ മോശമായിരുന്നുവെന്ന് ധോണി പറഞ്ഞു. ഫൈനലില്‍ രണ്ട് ടീമുകളും ഒട്ടനവധി തെറ്റുകള്‍ വരുത്തി, കുറവ് തെറ്റ് വരുത്തിയ ടീം വിജയിച്ചുവെന്നതാണ് ശരി.

ട്രോഫി ഒരു ടീം മറ്റേ ടീമിനു വെച്ച് നീട്ടുന്ന നിരവധി അവസരങ്ങളാണ് ഫൈനലില്‍ കാണുവാനായത്. ബൗളര്‍മാരാണ് ചെന്നൈയുടെ ഈ സീസണിലെ ശക്തി. 150 റണ്‍സിലധികം നേടേണ്ട പിച്ചില്‍ ബൗളര്‍മാര്‍ മുംബൈയെ 149 റണ്‍സില്‍ ഒതുക്കിയത് മികച്ച പ്രകടനമാണ്. വേണ്ട സമയത്തെല്ലാം വിക്കറ്റുമായി അവര്‍ രംഗത്തെത്തി ടീമിനെ സഹായിച്ചിരുന്നുവെന്നും ധോണി പറഞ്ഞു.

മുമ്പും ഇത്തരം അവസരങ്ങളില്‍ ഏതെങ്കിലും ഒരു ബാറ്റ്സ്മാന്‍ അവസരത്തിനൊത്തുയര്‍ന്നത് കൊണ്ട് പലപ്പോഴും ടീമിനു വിജയം നേടുവാനായി എന്നും ധോണി വ്യക്തമാക്കി. ഇപ്പോള്‍ അതിനൊരു ചര്‍ച്ചയ്ക്ക് സമയമില്ലെങ്കിലും ലോകകപ്പ് കഴിഞ്ഞ ടീമിലെ വിടവുകള്‍ നികത്തേണ്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ധോണി പറഞ്ഞു.

Advertisement