ക്രിക്കറ്റിന്റെ നന്മയ്ക്കായി ധോണിയെ പോലൊരു ഐക്കണ്‍ താരം തുടരേണ്ടത് ഏറെ ആവശ്യം – സാബ കരീം

- Advertisement -

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എംഎസ് ധോണി ഐപിഎലില്‍ തുടര്‍ന്നും കളിക്കുമെന്നത് ക്രിക്കറ്റിന്റെ പ്രചാരണത്തിനും നന്മയ്ക്കും ഗുണം ചെയ്യുന്ന കാര്യമാണെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഭാഗമായ എംഎസ് ധോണി 2022 വരെ താരമായി തന്നെ ചെന്നൈയ്ക്കൊപ്പമുണ്ടാകുമെന്നാണ് സിഇഒ കാശി വിശ്വനാഥ് പറഞ്ഞത്. ചെന്നൈ കുടുംബത്തിന്റെ ഭാഗമായ ധോണി തുടര്‍ന്നും ടീമിന്റെ ഭാഗമായി ഉണ്ടാകുമെന്നും ചെന്നൈ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ധോണി ഫിറ്റ്നെസ്സില്‍ വളരെ അധികം തല്പരനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ തുടര്‍ന്നും ക്രിക്കറ്റിലുള്ള സാന്നിദ്ധ്യം വളരെ അധികം ആളുകള്‍ക്ക് പ്രഛോദനം ഏകുന്ന ഒന്നായിരിക്കുമെന്നും സാബ കരീം വ്യക്തമാക്കി. ഐപിഎലിന്റെ ആരംഭത്തിന് കാരണമായതിലും ധോണിയുടെ പങ്ക് ഏറെ വലുതാണെന്ന് സാബ വ്യക്തമാക്കി.

ആദ്യ ടി20 ലോകകപ്പില്‍ തന്നെ ഇന്ത്യ കിരീട ജേതാക്കളായതാണ് ബിസിസിഐയെ ഐപിഎല്‍ പോലൊരു ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് കാരണമായിയെന്നും വിക്കറ്റിന് മുന്നില്‍ ഫിനിഷറുടെ റോളില്‍ ആക്രമിച്ച് കളിച്ച ധോണി വിക്കറ്റിന് പിന്നില്‍ ക്യാപ്റ്റന്‍ കൂളായിരുന്നതും ഏറെ പ്രശംസനീയമായ കാര്യമാണെന്നും സാബ കരീം വ്യക്തമാക്കി.

Advertisement