മുംബൈ ബൗളിംഗിനെ തവിടുപൊടിയാക്കി കൊല്‍ക്കത്ത, ഗില്ലിനും ലിന്നിനും ഒപ്പം അടിച്ച് തകര്‍ത്ത് റസ്സലും കാര്‍ത്തിക്കും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിസ് ലിന്നും ശുഭ്മന്‍ ഗില്ലും ആന്‍ഡ്രേ റസ്സലും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ നിന്ന് 232 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ആന്‍ഡ്രേ റസ്സല്‍ പുറത്താകാതെ 40 പന്തില്‍ നിന്ന് 80 റണ്‍സാണ് നേടിയത്. 6 ഫോറും 8 സിക്സുമാണ് റസ്സല്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ മുംബൈ കൊല്‍ക്കത്തയോട് ആവശ്യപ്പെടുകയായിരുന്നു. ഓപ്പണിംഗില്‍ ക്രിസ് ലിന്നും ശുഭ്മന്‍ ഗില്ലും സ്ഫോടനാത്മകമായ തുടക്കം നല്‍കിയപ്പോള്‍ ഒന്നാം വിക്കറ്റില്‍ 9.3 ഓവറില്‍ 96 റണ്‍സാണ് ലിന്‍-ഗില്‍ കൂട്ടുകെട്ട് നേടിയത്. 29 പന്തില്‍ നിന്ന് 54 റണ്‍സാണ് ക്രിസ് ലിന്‍ നേടിയത്. 8 ഫോറും 2 സിക്സുമാണ് താരം നേടിയത്. രാഹുല്‍ ചഹാറിനാണ് ലിന്നിന്റെ വിക്കറ്റ് നേടിയത്.

ലിന്‍ പുറത്തായപ്പോള്‍ ആന്‍ഡ്രേ റസ്സലിനെയാണ് കൊല്‍ക്കത്ത വണ്‍ ഡൗണില്‍ കൊണ്ടുവന്നത്. ആദ്യ പന്തുകളില്‍ റണ്‍സ് കണ്ടെത്തുവാന്‍ റസ്സല്‍ ബുദ്ധിമുട്ടിയപ്പോള്‍ മറുവശത്ത് ശുഭ്മന്‍ ഗില്‍ തകര്‍പ്പനടികള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. 45 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്‍ പുറത്താകുമ്പോള്‍ 158 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 62 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്‍-റസ്സല്‍ കൂട്ടുകെട്ട് നേടിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ എവിന്‍ ലൂയിസ് മികച്ചൊരു ക്യാച്ച് നേടിയാണ് ഗില്ലിനെ പുറത്താക്കിയത്.

ഗില്‍ പുറത്തായ ശേഷം തന്റെ പതിവു ശൈലിയിലേക്ക് റസ്സല്‍ ചുവട് മാറ്റുന്നത് കണ്ടു. ഒപ്പം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും മികച്ച പിന്തുണ നല്‍കിയപ്പോള്‍ കൊല്‍ക്കത്തയുടെ സ്കോര്‍ 19ാം ഓവില്‍ 200 കടന്നു. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കാണ് റസ്സലില്‍ നിന്ന് കണക്കറ്റ് അടി വാങ്ങിയത്. അവസാന ഓവറില്‍ മലിംഗയെ 20 റണ്‍സാണ് റസ്സല്‍ ഒറ്റയ്ക്ക് നേടിയത്. അതില്‍ തന്നെ രണ്ട് പന്തുകളില്‍ സിംഗിള്‍ നേടുവാനുള്ള അവസരം റസ്സലും ദിനേശ് കാര്‍ത്തിക്കും കൂടി ഉപയോഗിച്ചതുമില്ല.