
മഴ രസംകൊല്ലിയായ മത്സരത്തില്‍ ഗെയില്‍-രാഹുല്‍ താണ്ഡവത്തില്‍ തകര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ക്രിസ് ലിന്(74), ദിനേശ് കാര്‍ത്തിക്(43) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 191/7 എന്ന സ്കോര്‍ നേടിയെങ്കിലും തിരിച്ച് അതിലും മികച്ച ബാറ്റിംഗ് പ്രകടനമാണ് കിംഗ്സ് ഇലവന് പഞ്ചാബ് ഓപ്പണര്‍മാര്‍ ടീമിനു നല്‍കിയത്. 8.2 ഓവറില്‍ 96/0 എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസ്സപ്പെടുത്തിയത്. 70 പന്തില്‍ നിന്ന് 96 റണ്‍സായിരുന്നു പഞ്ചാബിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത്.
ക്രിസ് ഗെയില്‍ 27 പന്തില്‍ നിന്ന് 49 റണ്‍സും ലോകേഷ് രാഹുല്‍ 23 പന്തില്‍ 46 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ പഞ്ചാബിന്റെ ലക്ഷ്യം 13 ഓവറില്‍ 125 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു. 28 പന്തില്‍ നിന്ന് 29 റണ്‍സായി ലക്ഷ്യം മാറിയതോടെ പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു.
ലക്ഷ്യം 9 റണ്‍സ് അകലെയുള്ളപ്പോള്‍ 27 പന്തില്‍ 60 റണ്‍സ് നേടി രാഹുല്‍ പുറത്താകുകയായിരുന്നു. സുനില്‍ നരൈനാണ് വിക്കറ്റ് ലഭിച്ചത്. 11 പന്തുകള്‍ ശേഷിക്കെയാണ് കിംഗ്സ് ഇലവന് പഞ്ചാബ് 9 വിക്കറ്റ് ജയം നേടിയത്. 38 പന്തില്‍ 62 റണ്‍സ് നേടി ക്രിസ് ഗെയില്‍ പുറത്താകാതെ നിന്നു. ഗെയില്‍ 5 ബൗണ്ടറിയും 6 സിക്സുമാണ് മത്സരത്തില്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial