
മുംബൈയുടെ കൂറ്റന്‍ സ്കോറര്‍ നേടാനാകാതെ വീണ്ടും തോല്‍വിയേറ്റ് വാങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബൗളിംഗിനൊപ്പം ടോപ് ഓര്‍ഡര്‍ ബാറ്റിംഗും കൈവിട്ട മത്സരത്തില്‍ വിരാട് കോഹ്ലി മാത്രമാണ് പൊരുതി നോക്കിയത്. അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയെങ്കിലും മറുവശത്ത് വിക്കറ്റ് തുടരെ വീണതിനാല്‍ കോഹ്ലിയ്ക്കും ഇന്നിംഗ്സിനു വേഗത കൂട്ടാനായില്ല.
അവസാന ഓവറുകളില്‍ ഇന്നിംഗ്സിനു കോഹ്ലി വേഗത നല്‍കിയെങ്കിലും കളി കൈവിട്ടു കഴിഞ്ഞിരുന്നു. 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ ബാംഗ്ലൂരിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 167 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരത്തില്‍ 46 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട ശേഷമാണ് മുംബൈയുടെ ആദ്യ വിജയം.
മികച്ച തുടക്കമാണ് കോഹ്ലിയും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്ന് ബാംഗ്ലൂരിനു നല്‍കിയത്. 4 ഓവറില്‍ 40 റണ്‍സിലേക്ക് കുതിച്ച കൂട്ടുകെട്ടിനെ തകര്‍ത്തത് മിച്ചല്‍ മക്ലെനാഗനാണ്. 12 പന്തില്‍ 19 റണ്‍സ് നേടിയ ക്വിന്റണ്‍ ഡിക്കോക്കിനെ പുറത്താക്കിയ മക്ലെനാഗന് അതേ ഓവറില്‍ എബി ഡി വില്ലിയേഴ്സിനെയും പുറത്താക്കി ബാംഗ്ലൂരിന്റെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കി.
വിരാട് കോഹ്ലിയ്ക്ക് പുറമേ ക്വിന്റണ്‍ ഡിക്കോക്ക്(19), മന്ദീപ് സിംഗ്(16), ക്രിസ് വോക്സ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന താരങ്ങള്‍. വിരാട് കോഹ്ലി 62 പന്തില്‍ 92 റണ്‍സുമായി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി ക്രുണാല്‍ പാണ്ഡ്യ മൂന്നും മക്ലെനാഗന്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial