കൊല്‍ക്കത്തയ്ക്കെതിരെ തിളങ്ങി മുന്‍ താരങ്ങള്‍

മൂന്ന് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെയാണ് ഇന്നലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആതിഥേയര്‍ക്കെതിരെ സണ്‍റൈസേഴ്സ് തങ്ങളുടെ നിരയില്‍ അണി നിരത്തിയത്. യൂസഫ് പത്താന്‍, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍ എന്നിവരായിരുന്നു അവര്‍. മൂന്ന് പേരും നിര്‍ണ്ണായകമായ സംഭാവനകളാണ് സണ്‍റൈസേഴ്സ് നിരയില്‍ നടത്തിയത്. ഈഡന്‍ ഗാര്‍ഡന്‍സിലെ ആദ്യ ജയം സ്വന്തമാക്കുവാന്‍ ഇവരുടെ പ്രകടനവും ഏറെ നിര്‍ണ്ണായകമായിട്ടുണ്ട്.

ബൗളിംഗില്‍ ബില്ലി സ്റ്റാന്‍ലേക് മാന്‍ ഓഫ് ദി മാച്ചും ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും നേടിയെങ്കിലും മധ്യ ഓവറുകളില്‍ റണ്‍സ് എളുപ്പത്തില്‍ വഴങ്ങാതെ നിര്‍ണ്ണായകമായ പ്രകടനമാണ് ഷാകിബ് അല്‍ ഹസന്‍ നടത്തിയത്. 4 ഓവറില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ താരം ഒരു തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചും നേടി. ബാറ്റിംഗില്‍ 27 റണ്‍സും നേടി കെയിന്‍ വില്യംസണൊപ്പം നിര്‍ണ്ണായകമായ നാലാം വിക്കറ്റ് കൂട്ടുകെട്ടിലും ഷാകിബ് പങ്കു ചേര്‍ന്നിരുന്നു.

മനീഷ് പാണ്ഡേയാണ് ഫീല്‍ഡില്‍ നിറഞ്ഞ് നിന്ന മറ്റൊരു താരം. സീസണിലെ മോശം ബാറ്റിംഗ് ഫോം ഈ മത്സരത്തിലും താരം തുടര്‍ന്നപ്പോള്‍ ഫീല്‍ഡില്‍ മിന്നല്‍ പിണരായി മാറുകയായിരുന്നു ഷാകിബ്. രണ്ട് മിന്നും ക്യാച്ചുകളാണ് താരം കൊല്‍ക്കത്തയ്ക്കെതിരെ സ്വന്തമാക്കിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു നിതീഷ് റാണയെയും വെടിക്കെട്ട് ബാറ്റിംഗ് താരം ആന്‍ഡ്രേ റസ്സലിനെയും പുറത്താക്കാനായിരുന്നു ഇത്.

യൂസഫ് പത്താനാണ് മത്സരത്തിലെ വിജയ റണ്‍സ് നേടി കൊല്‍ക്കത്തയെ തറപ്പറ്റിച്ചതില്‍ പങ്കുചേര്‍ന്ന മറ്റൊരു മുന്‍ കൊല്‍ക്കത്ത താരം. 7 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് പത്താന്റെ ഇന്നിംഗ്സ്. വിജയ സമയത്ത് താരം പുറത്താകാതെ നില്‍ക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസമാപന ചടങ്ങ്, മേരി കോം ഇന്ത്യന്‍ പതാകയേന്തും
Next articleറെയ്‍നയ്ക്ക് പകരക്കാരനില്ല, മറ്റു താരങ്ങളില്‍ നിന്ന് കൂടുതല്‍ മികവ് പ്രതീക്ഷിക്കുന്നു