ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം തീരാനഷ്ടം: അജിങ്ക്യ രഹാനെ

- Advertisement -

നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടിയായി മാറാവുന്നതാണ് ജോസ് ബട്‍ലറും ബെന്‍ സ്റ്റോക്സും നാട്ടിലേക്ക് മടങ്ങുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ ഇരുവരും രാജസ്ഥാന്റെ അവസാന മത്സരത്തില്‍ കളിക്കാനുണ്ടാകില്ല. ഇരുവരുടെയും അഭാവം തീരാനഷ്ടമെന്നാണ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ പറഞ്ഞത്. പകരം മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയരുമെന്നാണ് രഹാനെ പ്രത്യാശ പ്രകടിപ്പിച്ചത്.

കൊല്‍ക്കത്തയ്ക്കെതിരെ നിര്‍ണ്ണായകമായ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ച ശേഷം രാജസ്ഥാന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേയില്‍ അടിച്ച് തകര്‍ത്ത് തുടങ്ങിയ ജോസ് ബട്‍ലറും രാഹുല്‍ ത്രിപാഠിയും നല്‍കിയ തുടക്കം രാജസ്ഥാന്‍ കൈമോശം വരുത്തി 142 റണ്‍സിനു ഓള്‍ഔട്ട് ആയി. ബെന്‍ സ്റ്റോക്സിനു സീസണില്‍ കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ജോസ് ബട്‍ലറുടെ അഭാവം ടീമിനു കനത്ത തിരിച്ചടിയാകും

548 റണ്‍സാണ് ജോസ് ബട്‍ലര്‍ സീസണില്‍ ഇതുവരെ നേടിയത്. ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം 5 അര്‍ദ്ധ ശതകങ്ങള്‍ തുടരെ നേടുവാനും താരത്തിനായി. 391 റണ്‍സുമായി സഞ്ജു സാംസണ്‍ ആണ് റണ്‍വേട്ടയില്‍ രണ്ടാമതുള്ള രാജസ്ഥാന്‍ താരം. എന്നാല്‍ മികച്ച രീതിയില്‍ തുടങ്ങിയ സഞ്ജുവിനു പിന്നീടുള്ള മത്സരങ്ങളില്‍ ആ മികവ് പലുര്‍ത്താനായില്ല.

ഡാര്‍സി ഷോര്‍ട്ട്, ഹെന്‍റിച്ച് ക്ലാസ്സന്‍ എന്നിവരാവും പകരക്കാരായി ടീമിലെത്തുന്നത്. ഡാര്‍സി ഷോര്‍ട്ട് മികച്ചൊരു ബിഗ് ബാഷ് സീസണിനു ശേഷം ഏറ്റവും മോശം ഫോമിലാണ് ഐപിഎലില്‍. നിലയുറപ്പിക്കുവാനായ മത്സരങ്ങളില്‍ പോലും റണ്‍സ് കണ്ടെത്തുവാന്‍ താരം ബുദ്ധിമുട്ടി. അതേ സമയം ഹെന്‍റിച്ച് ക്ലാസ്സെനു ലഭിച്ച ചുരുക്കം ചില അവസരങ്ങള്‍ മുതലാക്കുവാനുമായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement