അമ്പമ്പോ ആര്‍സിബി, കൊല്‍ക്കത്തയ്ക്കെതിരെ 82 റണ്‍സ് വിജയം

Rcbwin
- Advertisement -

എബി ഡി വില്ലിയേഴ്സിന്റെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബൗളര്‍മാരും ഫീല്‍ഡര്‍മാരും ഒപ്പം കിടപിടിക്കുന്ന ബൗളിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ കൊല്‍ക്കത്തയെ 112 റണ്‍സില്‍ ഒതുക്കി 82 റണ്‍സിന്റെ വലിയ വിജയമാണ് വിരാട് കോഹ്‍ലിയും സംഘവും നേടിയത്. ജയത്തോടെ ആര്‍സിബി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു.

സ്കോര്‍ 31ല്‍ നില്‍ക്കെ ഗില്ലിന്റെ ഒരു അനായാസ ക്യാച്ച് ലോംഗ് ഓണില്‍ ഫിഞ്ച് വിട്ട് കളയുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ ഓയിന്‍ മോര്‍ഗനെതിരെ ഒരു അനാവശ്യ റിവ്യൂ നടത്തി ബാംഗ്ലൂര്‍ തങ്ങളുടെ പക്കലുള്ള റിവ്യൂവും നഷ്ടപ്പെടുത്തി. എന്നാല്‍ സ്കോറര്‍മാരെ അധികം ബുദ്ധിമുട്ടിക്കാതെ ഗില്‍ റണ്ണൗട്ട് രൂപത്തില്‍ മടങ്ങുകയായിരുന്നു.

ഗില്‍ ഔട്ടായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ(1) യൂസുവേന്ദ്ര ചഹാല്‍ പുറത്താക്കിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 62/4 എന്ന നിലയില്‍ പ്രതിരോധത്തിലായി. അടുത്തോവറില്‍ എട്ട് റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറില്‍ ആന്‍ഡ്രേ റസ്സലിന്റെ ക്യാച്ച് ദേവ്ദത്ത് പടിക്കല്‍ കൈവിടുകയായിരുന്നു. ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ട് നല്‍കി മികച്ച രീതിയിലാണ് മോറിസ് പന്തെറിഞ്ഞത്. ഇസ്രു ഉഡാന മത്സരത്തില്‍ ആദ്യമായി എറിയാനെത്തിയപ്പോള്‍ റസ്സല്‍ അടിതുടങ്ങുന്ന കാഴ്ചയാണ് ഷാര്‍ജ്ജയില്‍ കണ്ടത്.

ആദ്യ പന്തില്‍ ഫോറും പിന്നെ തുടരെ രണ്ട് സിക്സുകളും നേടി റസ്സല്‍ അപകടകാരിയായി മാറുമെന്ന തോന്നിപ്പിച്ച നിമിഷത്തില്‍ ഉഡാന റസ്സലിനെ പുറത്താക്കി. 10 പന്തില്‍ 16 റണ്‍സ് മാത്രമാണ് റസ്സല്‍ നേടിയത്. പാറ്റ് കമ്മിന്‍സും വേഗത്തില്‍ മടങ്ങിയതോടെ കെകെആര്‍ തോല്‍വി ഉറപ്പിച്ചു.

15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ കൊല്‍ക്കത്ത 90/7 എന്ന നിലയിലായിരുന്നു. 16 റണ്‍സ് നേടിയ രാഹുല്‍ ത്രിപാഠിയെ മികച്ച ക്യാച്ചിലൂടെ ക്രിസ് മോറിസ് പിടിച്ചപ്പോള്‍ സിറാജിന് മത്സരത്തിലെ ആദ്യ വിക്കറ്റ് നേടി.

9 വിക്കറ്റുകളാണ് റണ്‍ ചേസില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. രണ്ട് വീതം വിക്കറ്റ് നേടിയ ക്രിസ് മോറിസിനും വാഷിംഗ്ടണ്‍ സുന്ദറിനുമൊപ്പം മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍, ഇസ്രു ഉഡാന, നവ്ദീപ് സൈനി എന്നിവരും റണ്‍സ് കണ്ടെത്തി.

Advertisement