
പത്തോവറില്‍ 95/1 എന്ന മികച്ച സ്കോറിനു ശേഷം പിന്നീട് 163/5 എന്ന സ്കോറില്‍ അവസാനിച്ച ഡല്‍ഹി ഇന്നിംഗ്സിനെ ഒരു പന്ത് ശേഷിക്കെ മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രണ്ടോവറില്‍ 28 റണ്‍സ് ആയിരുന്നു സണ്‍റൈസേഴ്സ് വിജയ ലക്ഷ്യം. 11 പന്തില്‍ 26 റണ്‍സ് നേടിയ യൂസഫ് പത്താനും 32 റണ്‍സ് നേടിയ കെയിന്‍ വില്യംസണും ചേര്‍ന്നാണ് ടീമിനെ 7 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. 9 റണ്‍സ് നേടിയപ്പോള്‍ മാക്സ്വെല് കൈവിട്ട അലക്സ് ഹെയില്‍സ് 45 റണ്‍സ് നേടിയതും സ്കോര്‍ പൂജ്യത്തില്‍ നില്‍ക്കെ യൂസഫ് പത്താനു കിട്ടിയ ലൈഫുമാണ് കളി മാറ്റിയത്. അമിത് മിശ്ര മികച്ച ബൗളിംഗ് പുറത്തെടുത്ത് ഡല്‍ഹിയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. വിജയത്തോടെ സണ്‍റൈസേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
ഗ്ലെന്‍ മാക്സ്വെല് കൈവിട്ട അവസരം മുതലാക്കി അലക്സ് ഹെയില്‍സ് അടിച്ച് തകര്‍ത്തപ്പോള്‍ അനായാസം ജയം നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടുകെട്ട് നേടി കുതിയ്ക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ 9ാം ഓവറിന്റെ അവസാന പന്തില്‍ അമിത് മിശ്രയാണ് ക്ലീന്‍ ബൗള്‍ഡാക്കിയത്. വ്യക്തിഗത സ്കോര്‍ 9ല്‍ നില്‍ക്കെ അവേശ് ഖാന്റെ ഓവറില്‍ ഗ്ലെന്‍ മാക്സ്വെല് ഹെയില്‍സിനെ കൈവിടുകയായിരുന്നു. 31 പന്തില്‍ മൂന്ന് വീതം സിക്സും ബൗണ്ടറിയും നേടിയാണ് ഹെയില്‍സ് തന്റെ 45 റണ്‍സ് നേടിയത്.
ശിഖര്‍ ധവാനെയും പുറത്താക്കി അമിത് മിശ്ര മത്സരത്തില്‍ ഡെല്‍ഹിയ്ക്ക് തിരികെ വരുവാനുള്ള അവസരമുണ്ടാക്കി. 46 റണ്‍സ് കൂട്ടുകെട്ട് നേടി കെയിന്‍ വില്യംസണ്-മനീഷ് പാണ്ഡേ കൂട്ടുകെട്ട് സണ്‍റൈസേഴ്സിന്റെ സാധ്യതകള്‍ നിലനിര്‍ത്തി. ലിയാം പ്ലങ്കറ്റിനാണ് വിക്കറ്റ് ലഭിച്ചത്. അതേ ഓവറില്‍ അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് യൂസഫ് പത്താനു ലൈഫ് കിട്ടുകയായിരുന്നു. വിജയ് ശങ്കര്‍ ആണ് ക്യാച്ച് കൈവിട്ടത്.
സണ്‍റൈസേഴ്സിനു അവസാന രണ്ടോവറില്‍ 28 റണ്‍സ് ആയിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ട്രെന്റ് ബോള്‍ട്ടിനെ സിക്സ് പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ യൂസഫ് പത്താനെ വിക്കറ്റിനു മുന്നില്‍ ബോള്‍ട്ട് കുടുക്കിയെങ്കിലും റിവ്യൂവിലൂടെ പത്താന് രക്ഷപ്പെടുകയായിരുന്നു. മൂന്നാം പന്തില്‍ ബൗണ്ടറി നേടി സണ്‍റൈസേഴ്സ് ലക്ഷ്യത്തിനോടു കൂടുതല്‍ അടുത്തു. 14 റണ്‍സ് നേടി സണ്‍റൈസേഴ്സ് അവസാന ഓവറിലെ ലക്ഷ്യം 14 ആക്കി മാറ്റി.
അവസാന ഓവര്‍ എറിഞ്ഞ ഡാന്‍ ക്രിസ്റ്റ്യന്റെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ യൂസഫ് പത്താന് രണ്ടാം പന്ത് സിക്സര്‍ പറത്തി ലക്ഷ്യം 6 റണ്‍സായി ചുരുക്കി. മൂന്നാം പന്തില്‍ ഷോര്‍ട്ട് ബോളിനു ശ്രമിച്ച് ക്രിസ്റ്റ്യനെ പത്താന് വീണ്ടും ബൗണ്ടറി കടത്തി ലക്ഷ്യം രണ്ട് റണ്‍സാക്കി മാറ്റി യൂസഫ് പത്താന്. തൊട്ടടുത്ത പന്തില്‍ സിംഗിളും ഒരു പന്ത് ശേഷിക്കെ സിംഗിള്‍ നേടി കെയിന്‍ വില്യംസണ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.
അമിത് മിശ്ര 4 ഓവറില്‍ 19 റണ്‍സിനു 2 വിക്കറ്റ് നേടിയപ്പോള്‍ ലിയാം പ്ലങ്കറ്റിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial