ബിസിസിഐ കരാര്‍ മാത്രമല്ല, ഐപിഎല്ലും ഷമിയ്ക്ക് നഷ്ടമാകുമെന്ന് സൂചന

- Advertisement -

ഗാര്‍ഹിക പീഢനത്തിനു പോലീസ് അന്വേഷണം നടക്കുന്ന മുഹമ്മദ് ഷമിയ്ക്ക് ഈ വര്‍ഷം ഐപിഎലിലും കളിക്കാനാവില്ലെന്ന് സൂചന. താരത്തിനെ സ്വന്തമാക്കിയ ഫ്രാഞ്ചൈസി ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സംഭവത്തിന്മേല്‍ കൂടുതല്‍ വ്യക്തത വരുത്തുവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. ടീം പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ ബിസിസിഐ അധികാരികളുമായി നേരിട്ട് വിഷയം ചര്‍ച്ച ചെയ്യുമെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

കഴിഞ്ഞ ദിവസങ്ങളിലാണ് മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ താരത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളും ഗാര്‍ഹിക പീഢനത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ബിസിസിഐയുടെ കരാര്‍ പ്രഖ്യാപന പട്ടികയില്‍ നിന്ന് ഷമിയെ ഒഴിവാക്കിയിരുന്നു. ഷമിയുടെ കരാര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് ബിസിസിഐയുടെ അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത്.

എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ക്യാമ്പ് തുടങ്ങുമ്പോള്‍ ഷമിയെ അതില്‍ ചേരുവാന്‍ അനുവദിക്കേണ്ടതുണ്ടോ എന്ന സംശയത്തിലാണ് ടീം മാനേജ്മെന്റ്. ഇത്തരമൊരു വിവാദത്തില്‍ പെട്ടിരിക്കുന്ന താരം ടീമിന്റെ അംഗമായി തുടരുന്നത് ടീമിന്റെയും സ്പോണ്‍സര്‍മാരുടെയും പ്രതിഛായയെ ബാധിക്കുമെന്ന അഭിപ്രായമാണ് മാനേജ്മെന്റിനു ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement