മികച്ച സ്കോറിലേക്ക് ഗുജറാത്തിനെ ഉയര്‍ത്തി മക്കല്ലവും ദിനേശ് കാര്‍ത്തിക്കും

മുംബൈയ്ക്കെതിരെ വാങ്കഡേയില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് 176/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ഗുജറാത്തിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഗുജറാത്ത് ഇറങ്ങിയത്. ഫിഞ്ചിനും ജകാത്തിയ്ക്കും പകരം ജേസണ്‍ റോയ്, മുനാഫ് പട്ടേല്‍ എന്നിവര്‍ ടീമിലിടം നേടി. മുംബൈയ്ക്കായി ലസിത് മലിംഗ് ടീമിലേക്ക് തിരിച്ചെത്തി.

ആദ്യ ഓവറില്‍ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് ഉള്ളപ്പോള്‍ ഡ്വൈന്‍ സ്മിത്തിനെ(0) നഷ്ടമായെങ്കിലും നായകന്‍ സുരേഷ് റൈനയും മക്കല്ലവും ചേര്‍ന്ന് ഗുജറാത്തിനെ കരകയറ്റുകയായിരുന്നു. 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 28 റണ്‍സ് നേടിയ റൈനയ്ക്ക് അതിവേഗം സ്കോറിംഗ് നടത്താനാകാതെ പോയപ്പോള്‍ ബ്രണ്ടന്‍ മക്കല്ലം മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. തന്റെ അര്‍ദ്ധ ശതകം തികച്ച് ഏറെ വൈകാതെ മക്കല്ലത്തിനെ(66) മലിംഗ പുറത്താക്കുകയായിരുന്നു.

എന്നാല്‍ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഗുജറാത്തിനു തുണയായത്. വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിലും തിളങ്ങിയ കാര്‍ത്തിക് 48 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 26 പന്തില്‍ നിന്നാണ് ദിനേശ് കാര്‍ത്തിക് സ്കോറിംഗ് നടത്തിയത്. ജേസണ്‍ റോയ് ഏഴ് പന്തില്‍ ‍14* റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി. ഇഷാന്‍ കിഷനാണ്(11) പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍.

മുംബൈയ്ക്കായി മിച്ചല്‍ മക്ക്ലെനാഗന്‍ രണ്ട് വിക്കറ്റ് നേടി. ലസിത് മലിംഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.