
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെറിയ സ്കോര്‍ പിന്തുടരാന് ബുദ്ധിമുട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 127 റണ്‍സിനു ചെന്നൈ സ്പിന്നര്‍മാര്‍ ചെറുത്ത് നിര്‍ത്തുകയായിരുന്നു. ഷെയിന്‍ വാട്സണെ(11) ഉമേഷ് യാദവ് പുറത്താക്കിയ ശേഷം അമ്പാട്ടി റായിഡു സുരേഷ് റെയ്ന കൂട്ടുകെട്ട് ടീമിനെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഉമേഷ് യാദവിന്റെ ഓവറില്‍ ബൗണ്ടറി ലൈനില്‍ തകര്‍പ്പന്‍ ക്യാച് നേടി ടിം സൗത്തി സുരേഷ് റെയ്നയെ(25) പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം മുരുഗന് അശ്വിന് അമ്പാട്ടി റായിഡിവിനെ(32) പുറത്താക്കി. കോളിന് ഗ്രാന്‍ഡോം ദ്രുവ് ഷോറയെ പുറത്താക്കിയപ്പോള്‍ 62/1 എന്ന നിലയില്‍ നിന്ന് 80/4 എന്ന നിലയിലേക്ക് ചെന്നൈ വീഴുകയായിരുന്നു.
മുരുഗന്റെ ഓവറില്‍ ഡ്വെയിന്‍ ബ്രാവോയുടെ ക്യാച് ചഹാല്‍ കൈവിട്ടതോടെ മത്സരത്തില്‍ പിടിമുറുക്കുവാനുള്ള അവസരം ബാംഗ്ലൂര്‍ നഷ്ടപ്പെടുത്തി. റണ്‍റേറ്റ് അധികം ഉയരാതെ സിംഗിളുകളും ഡബിളും നേടി ധോണിയും ചെന്നൈയെ മത്സരത്തില്‍ സജീവമായി നിലനിര്‍ത്തുകയായിരുന്നു. യൂസുവേന്ദ്ര ചഹാല്‍ എറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്സ് സഹിതം 22 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് 6 വിക്കറ്റ് വിജയം ഉറപ്പാക്കുകയായിരുന്നു.
ധോണി 23 പന്തില്‍ 31 റണ്‍സും ഡ്വെയിന്‍ ബ്രാവോ 17 പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 48 റണ്‍സാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.
ഉമേഷ് യാദവ് 3 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റും കോളിന് ഡി ഗ്രാന്‍ഡോം, മുരുഗന് അശ്വിന് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഗ്രാന്‍ഡോം തന്റെ നാലോവറില്‍ 16 റണ്‍സും മുരുഗന് അശ്വിന് മൂന്നോവറില്‍ 17 റണ്‍സും ആണ് വഴങ്ങിയത്. ആദ്യ രണ്ടോവറില്‍ വെറും 7 റണ്‍സ് വഴങ്ങിയ ചഹാലിന്റെ മൂന്നാം ഓവറില്‍ 22 റണ്‍സാണ് ധോണി-ബ്രാവോ കൂട്ടുകെട്ട് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial