ചെന്നൈയിലെ പിച്ചിനെ പഴി പറഞ്ഞ് ഇരു ക്യാപ്റ്റന്മാര്‍

- Advertisement -

70 റണ്‍സിനു ആര്‍സിബിയെ എറിഞ്ഞിട്ട് ടൂര്‍ണ്ണമെന്റ് വിജയത്തോടെ തുടങ്ങാനായെങ്കിലും ചെന്നൈയുടെ ഹോം ഗ്രൗണ്ടിലെ പിച്ചിനെ പഴി പറഞ്ഞ് എംഎസ് ധോണി. പിച്ച് ഇതിലും മെച്ചപ്പെട്ട ഒന്നാവണമായിരുന്നുവെന്നാണ് ധോണി മത്സര ശേഷം പറഞ്ഞത്. 34.5 ഓവര്‍ നടന്ന മത്സരത്തില്‍ 13 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 141 റണ്‍സ് മാത്രമാണ് ഐപിഎലിലെ ഉദ്ഘാടന മത്സരത്തില്‍ പിറന്നത്.

ടോസ് നേടിയ ധോണി പിച്ചിന്റെ സ്വഭാവം അറിയില്ലെന്നും അതിനാല്‍ തന്നെ ചേസിംഗ് ആവും മെച്ചമെന്നും പറഞ്ഞിരുന്നു. ഗ്രൗണ്ടിലെ നനവ് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാവമെന്നായിരുന്നു കോഹ്‍ലിയുടെ അഭിപ്രായം. എന്നാല്‍ പിച്ചിന്റെ സ്വഭാവം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനു വന്‍ തിരിച്ചടിയാവുന്നതാണ് കണ്ടത്. ആര്‍സിബി നിരയില്‍ പാര്‍ത്ഥിവ് പട്ടേല്‍ മാത്രമാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയത്.

ഇതേ പിച്ചിലാണ് പരിശീലന മത്സരങ്ങള്‍ നടത്തിയതെന്നും സാധാരണ മത്സരങ്ങളില്‍ നിന്ന് 30 റണ്‍സിലധികം മത്സരത്തില്‍ പിറന്നിരുന്നുമെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. ചെന്നൈയില്‍ സ്പിന്‍ പിച്ചാവും എന്ന് ഏവരും കണക്ക് കൂട്ടിയതാണെങ്കിലും ഇത്തരം ഒരു പിച്ച് മത്സരയോഗ്യമല്ലെന്ന് ധോണി അഭിപ്രായപ്പെട്ടു. പിച്ച് ഇതുപോലെയാവും പെരുമാറുകയെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും എംസ് ധോണി പറഞ്ഞു.

കാഴ്ചയില്‍ മികചതെങ്കിലും ബാറ്റ് ചെയ്യാന്‍ എളുപ്പമല്ലാത്തൊരു പിച്ചായിരുന്നു ഇന്നലത്തേതെന്നായിരുന്നു കോഹ്‍ലി പറഞ്ഞത്. എന്നാല്‍ ടീമിിന്റെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമില്ലായ്മയും ഒരു ഘടകമാണെന്ന് കോഹ്‍ലി പറഞ്ഞു. 140-150 റണ്‍സ് നേടാനാകുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ലീഗിന്റെ തുടക്കം തങ്ങള്‍ മോശമാക്കുകയായിരുന്നുവെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. 110-120 റണ്‍സ് പോലും ഈ പിച്ചില്‍ പൊരുതാവുന്ന സ്കോറായിരുന്നുവെന്നും കോഹ്‍ലി വ്യക്തമാക്കി.

Advertisement