പഞ്ചാബിനെ ഫിനിഷ് ചെയ്യാനാകാതെ ധോണി, പൊരുതി തോറ്റ് ചെന്നൈ

ധോണിയുടെ പോരാട്ടവീര്യത്തിനും കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ വിജയം നേടുവാന്‍ ചെന്നൈയെ സഹായിച്ചില്ല. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 197 റണ്‍സ് നേടുകയായിരുന്നു. ക്രിസ് ഗെയില്‍ നേടിയ 63 റണ്‍സാണ് മികച്ച സ്കോറിലേക്ക് പഞ്ചാബിനെ നയിച്ചത്. ഒപ്പം കരുണ്‍ നായര്‍, ലോകേഷ് രാഹുല്‍, മയാംഗ് അഗര്‍വാല്‍ എന്നിവരും തിളങ്ങി. കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ധോണിയുടെ ഇന്നിംഗ്സ് ടീമിനു അവസാന ഓവര്‍ വരെ വിജയ സാധ്യത നല്‍കുകയായിരുന്നു. എന്നാല്‍ ലക്ഷ്യത്തിനു പഞ്ചാബ് സ്കോറിനു 4 റണ്‍സ് അകലെ 193/5 എന്ന നിലയില്‍ ചെന്നൈ ബാറ്റിംഗ് അവസാനിക്കുകയായിരുന്നു.

198 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ ചെന്നൈയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ഷെയിന്‍ വാട്സണും(11), മുരളി വിജയും(12), സാം ബില്ലിംഗ്സും(9) പുറത്തായപ്പോള്‍ 56/3 എന്ന നിലയിലായിരുന്നു ചെന്നൈ. അമ്പാട്ടി റായിഡുവുമായി ചേര്‍ന്ന് 57 റണ്‍സ് നാലാം വിക്കറ്റിലും 53 റണ്‍സ് അഞ്ചാം വിക്കറ്റിലു നേടി നായകന്‍ എംഎസ് ധോണിയാണ് ചെന്നൈയുടെ ചേസിംഗിനെ വീണ്ടും ട്രാക്കിലാക്കിയത്. അമ്പാട്ടി റായിഡു 49 റണ്‍സ് നേടി റണ്‍ഔട്ട് ആയപ്പോള്‍ 19 റണ്‍സ് നേടിയ ജഡേജയെ ടൈ പുറത്താക്കി.

അവസാന 2 ഓവറില്‍ 36 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈയ്ക്ക് ആന്‍ഡ്രൂ ടൈയുടെ ഓവറില്‍ രവിീന്ദ്ര ജഡേജയെ നഷ്ടമായി. ടൈയുടെ അടുത്ത രണ്ട് പന്തും സിക്സും ബൗണ്ടറിയും നേടി ധോണി ലക്ഷ്യം 8 പന്തില്‍ 25 റണ്‍സാക്കി മാറ്റി. അടുത്ത പന്തില്‍ ഡബിളും അവസാന പന്തില്‍ സിക്സും അടിച്ച് ധോണി ലക്ഷ്യം അവസാന ഓവറില്‍ 17 റണ്‍സാക്കി മാറ്റി.

മോഹിത് ശര്‍മ്മ എറിഞ്ഞ അവസാന ഓവറില്‍ അവസാന പന്തില്‍ സിക്സര്‍ പറത്തി ധോണി ടീമിനെ നാല് റണ്‍സ് അകലെ വരെ എത്തിച്ചുവെങ്കിലും ഓവറില്‍ നിര്‍ണ്ണായകമായ മൂന്ന് ഡോട്ട് ബോളുകള്‍ ചെന്നൈയുടെ വിജയ സാധ്യത കളഞ്ഞു.

ക്രിസ് ഗെയിലാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എംഎസ് ധോണി 44 പന്തില്‍ 79 റണ്‍സുമായി പുറത്താകാതെ നിന്നു. 5 സിക്സും 6 ബൗണ്ടറിയുമാണ് ധോണി തന്റെ ഇന്നിംഗ്സില്‍ നേടിയത്. മോഹിത് ശര്‍മ്മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രൂ ടൈ 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപയ്യന്നൂരിൽ കിരീടം മലബാർ ടൈൽസ് ഷബാബ് പയ്യന്നൂരിന്
Next articleജയത്തോടെ യുവന്റസ് കിരീടത്തിനരികെ