ധവാനെ കൈവിട്ട് രഹാനെ, അവസരം ഉപയോഗപ്പെടുത്തി ധവാന്‍ ഹൈദ്രാബാദിനെ വിജയത്തിലേക്ക് നയിച്ചു

രാജസ്ഥാന്‍ റോയല്‍സ് ഹൈദ്രാബാദിനു നല്‍കിയ 126 റണ്‍സ് വിജയ ലക്ഷ്യം അനായാസം മറികടന്ന് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ഹൈദ്രാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കപ്പെട്ട രാജസ്ഥാന്‍ മികച്ച തുടക്കത്തിനു ശേഷം വിക്കറ്റുകള്‍ തുടരം വീണപ്പോള്‍ 125/9 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. സഞ്ജു സാംസണ്‍(49) മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ഹൈദ്രാബാദിനായി സിദ്ധാര്‍ത്ഥ് കൗള്‍(2), ഷാകിബ് അല്‍ ഹസന്‍(2), ബില്ലി സ്റ്റാന്‍ലേക്ക്, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് ഓപ്പണര്‍ ശിഖര്‍ ധവാനെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ കൈവിട്ടതില്‍ പിന്നെ അവസരം മുതലാക്കി ശിഖര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ബെന്‍ സ്റ്റോക്സിനെ ബൗണ്ടറി പായിച്ച് 33 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ശിഖര്‍ അര്‍ദ്ധ ശതകത്തിനു ശേഷവും അതിവേഗം സ്കോറിംഗ് തുടര്‍ന്നു.

വിജയ സമയത്ത് ധവാന്‍ 77 റണ്‍സും കെയിന്‍ വില്യംസണ്‍ 36 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു. 57 പന്തില്‍ നിന്നാണ് ശിഖറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 13 ബൗണ്ടറിയും 1 സിക്സുമാണ് ധവാന്‍ നേടിയത്. 25 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീമിന്റെ 9 വിക്കറ്റ് വിജയം. 120 റണ്‍സാണ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി രാജസ്ഥാന്‍, മികച്ച ബൗളിംഗ് പ്രകടനവുമായി സിദ്ധാര്‍ത്ഥ് കൗള്‍
Next articleഡര്‍ഹമ്മില്‍ ചേര്‍ന്ന് അക്സര്‍ പട്ടേല്‍