വീണ്ടും ധവാന്‍-വില്യംസണ്‍ കൂട്ടുകെട്ട്, ചെന്നൈയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ഹൈദ്രാബാദ്

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ രക്ഷയ്ക്കെത്തി ശിഖര്‍ ധവാന്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട്. പവര്‍പ്ലേയില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയ സണ്‍റൈസേഴ്സിനെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിന്നീട് മത്സരത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. ടീമിലേക്ക് മടങ്ങിയെത്തിയ ദീപക് ചഹാറിന്റെ തകര്‍പ്പന്‍ സ്പെല്ലാണ് സണ്‍റൈസേഴ്സിനെ പവര്‍പ്ലേയില്‍ വരിഞ്ഞുകെട്ടിയത്. അതിനു ശേഷം ശിഖര്‍ ധവാന്‍ കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ടീമിനെ തിരികെ ട്രാക്കിലേക്ക് എത്തിക്കുകയായിരുന്നു. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടി പുറത്തായപ്പോള്‍ 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ സണ്‍റൈസേഴ്സ് 179 റണ്‍സ് നേടി.

9 പന്ത് നേരിട്ട് 2 റണ്‍സ് നേടിയ അലക്സ് ഹെയില്‍സിനെ സണ്‍റൈസേഴ്സിന ആദ്യം നഷ്ടമായി. ദീപക് ചഹാറിനാണ് വിക്കറ്റ്. ജഡേജയെ സിക്സര്‍ പറത്തി ശിഖര്‍ ധവാന്‍ തുടര്‍ച്ചയായ തന്റെ രണ്ടാം അര്‍ദ്ധ ശതകം നേടിയപ്പോള്‍ മെല്ലെ തുടങ്ങിയ ശേഷം കെയിന്‍ വില്യംസണ്‍ പിന്നീട് കത്തിക്കയറുകയായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 123 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഏറെ വൈകാതെ കെയിന്‍ വില്യംസണും തന്റെ അര്‍ദ്ധ ശതകം നേടി.

49 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ ധവാനെ ഡ്വെയിന്‍ ബ്രാവോ പുറത്താക്കുകയായിരുന്നു. 10 ബൗണ്ടറിയും മൂന്ന് സിക്സുമാണ് ധവാന്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. തൊട്ടടുത്ത പന്തില്‍ ശര്‍ദ്ധുല്‍ താക്കൂറിന്റെ ഓവറില്‍ ഡ്വെയിന്‍ ബ്രാവോ പിടിച്ച് കെയിന്‍ വില്യംസണും മടങ്ങിയതോടെ സണ്‍റൈസേഴ്സ് കുതിപ്പിനു ഒരു പരിധി വരെ ചെന്നൈ തടയിടുകയായിരുന്നു.

15 ഓവര്‍ അവസാനിക്കുമ്പോള്‍ 130/1 എന്ന നിലയിലായിരുന്ന സണ്‍റൈസേഴ്സ് അവസാന അഞ്ചോവറില്‍ 49 റണ്‍സാണ് അടിച്ചെടുത്തത്. സെറ്റായ രണ്ട് ബാറ്റ്സ്മാന്മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി പുറത്തായത് സണ്‍റൈസേഴ്സിന്റെ കൂറ്റന്‍ സ്കോറെന്ന ലക്ഷ്യത്തെ ബാധിക്കുകയായിരുന്നു. ദീപക് ഹൂഡ നിര്‍ണ്ണായകമായ 21 റണ്‍സുകള്‍ നേടി പുറത്താകാതെ നിന്നു.

ചെന്നൈ ബൗളര്‍മാരില്‍ ശ്രദ്ധേയമായ പ്രകടനം ചഹാറിന്റെയായിരുന്നു. തന്റെ നാലോവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ചഹാര്‍ നേടിയത്. ബ്രാവോ, ശര്‍ദ്ധുല്‍ താക്കൂര്‍(2) എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement