
ഒരു ഘട്ടത്തില്‍ ടൂര്‍ണ്ണമെന്റില്‍ പ്ലേ ഓഫില്‍ നിന്ന് ഡല്‍ഹിയ്ക്കൊപ്പം പുറത്തായി എന്ന് വിധിയെഴുതപ്പെട്ട ടീമായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എന്നാല്‍ തങ്ങള്‍ക്കനുകൂലമായി ചില മത്സരഫലങ്ങള്‍ വരികയും ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ വിജയം സ്വന്തമാക്കി മുന്നേറുവാന്‍ ബാംഗ്ലൂരിനു കഴിഞ്ഞപ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവുമാകുകായയിരുന്നു. ഇന്ന് വിജയം ഉറപ്പിക്കാനായാല്‍ ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകള്‍ നിലനില്ക്കുന്നു എന്നത് തന്നെ ഇരു ടീമുകളെയും മത്സരത്തെ തികഞ്ഞ ഗൗരവത്തോടെ കാണുവാന്‍ പ്രേരിപ്പിക്കും.
എന്നാല്‍ രാജസ്ഥാനു സ്ഥിതി അത്ര സുഖകരമല്ല. ടീമിന്റെ രണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങി. ബെന്‍ സ്റ്റോക്സിനു അവസാന മത്സരത്തിലെ മൂന്ന് വിക്കറ്റ് നേട്ടം മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ എടുത്ത് പറയാവുന്ന പ്രകടനമെങ്കില്‍ ജോസ് ബട്ലറുടെ സ്ഥിതിയതല്ല. തുടരെ അഞ്ച് അര്‍ദ്ധ ശതകങ്ങള്‍ അടക്കം മിന്നും ഫോമില്‍ കളിച്ച ജോസ് ബട്ലറിന്റെ തോളിലേറിയാണ് രാജസ്ഥാന് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സജീവമായി നിന്നത്. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുക എന്നതാണ് ടീമിന്റെ ഇപ്പോളത്തെ പ്രധാന തലവേദന. ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതയാര്‍ന്ന പ്രകടനം ഇതുവരെ ടീമിനു സാധിച്ചിട്ടില്ല എന്നതും അവരുടെ സാധ്യതകളെ വല്ലാതെ ബാധിക്കുന്നു.
നേരെ മറിച്ച് ബാംഗ്ലൂര്‍ ടൂര്‍ണ്ണമെന്റിന്റെ അവസാനത്തോടു കൂടി മികച്ച ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. തുടരെ മൂന്ന് വിജയങ്ങള്‍ നേടിയ ടീമിനു വേണ്ടി മോയിന്‍ അലി കൂടി ഫോമിലേക്ക് എത്തിയതോടു കൂടി ബാറ്റിംഗ് കൂടുതല്‍ ശക്തമായി. വിരാട് കോഹ്ലിയെയും എബി ഡി വില്ലിയേഴ്സിനെയും ഏറെ ആശ്രയിക്കുന്ന ബാംഗ്ലൂരിനു ഏറെ ആശ്വാസകരമാണ് മോയിന്‍ അലിയുടെയും കോളിന് ഡി ഗ്രാന്‍ഡോമിന്റെയും പ്രകടനം.
ബൗളിംഗ് പ്രധാനമായും മുന്നോട്ട് നയിക്കുന്നത് ഉമേഷ് യാദവും യൂസുവേന്ദ്ര ചഹാലുമാണ്. മുഹമ്മദ് സിറാജും ടിം സൗത്തിയും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുക്കാറുണ്ട്. മോയിന്‍ അലിയും കോളിന് ഡി ഗ്രാന്‍ഡോമും അഞ്ചാം ബൗളറുടെ ദൗത്യം നിര്‍വ്വഹിക്കും. ശക്തരായ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ വിജയം നേടാനായി എന്നത് ബാംഗ്ലൂരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ഒപ്പം മികച്ച റണ്‍റേറ്റ് കൈവശമുള്ളതിനാല്‍ വിജയം നേടാനായാല്‍. പ്ലേ ഓഫിലേക്ക് കടക്കുവാനുള്ള സാധ്യതയും ടീമിനു ഏറെയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial