രണ്ടാം സ്ഥാനക്കാരായി ഡല്‍ഹിയുടെ പ്ലേ ഓഫ് ഉറപ്പാക്കി സീനിയര്‍ താരങ്ങള്‍, റണ്‍റേറ്റിന്റെ മികവില്‍ ആര്‍സിബിയും പ്ലേ ഓഫില്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആര്‍സിബി നല്‍കിയ 153 റണ്‍സ് വിജയ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നപ്പോള്‍ ഡല്‍ഹി പ്ലേ ഓഫിലേക്ക് രണ്ടാം സ്ഥാനക്കാരായി ഇടം പിടിച്ചു. ടീമിലെ സീനിയര്‍ താരങ്ങളായ ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയപ്പോള്‍ ഡല്‍ഹി 6 പന്ത് ബാക്കി നില്‍ക്കെ ചേസ് പൂര്‍ത്തിയാക്കി. ഒരു ഘട്ടത്തില്‍ അനായാസം ഡല്‍ഹി ജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകളുമായി ബാംഗ്ലൂര്‍ മത്സരത്തില്‍ പൊരുതി നില്‍ക്കുകയായിരുന്നു.

17.3 ഓവറിന് ശേഷം മാത്രം ഡല്‍ഹിയ്ക്ക് വിജയം നേടാനയതിനാല്‍ തന്നെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചു. പ്ലേ ഓഫിലെ നാലാം സ്ഥാനക്കാര്‍ ആരാണെന്ന് നാളത്തെ മത്സര ശേഷം മാത്രമേ തീരുമാനമാകുകയുള്ളു.

പൃഥ്വി ഷായെ നഷ്ടമായെങ്കിലും ശിഖര്‍ ധവാനും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മികച്ച രീതിയിലാണ് ഡല്‍ഹി ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടിയത്. അജിങ്ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് നേടി ഡല്‍ഹിയെ ശക്തമായ നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു. 41 പന്തില്‍ 54 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ പുറത്താകുമ്പോള്‍ ലക്ഷ്യം 46 റണ്‍സ് മാത്രം അകലെയായിരുന്നു. ഷഹ്ബാസ് അഹമ്മദിനായിരുന്നു വിക്കറ്റ്.

Shahbazahmed

ശ്രേയസ്സ് അയ്യരുടെയും രഹാനെയുടെയും വിക്കറ്റുകള്‍ വീഴ്ത്തി ആര്‍സിബി മത്സരം കൂടുതല്‍ ആവേശകരമാക്കി. 46 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ രഹാനെയുടെ വിക്കറ്റ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയപ്പോള്‍ അയ്യരെ ഷഹ്ബാസ് ആണ് പുറത്താക്കിയത്.

സ്റ്റോയിനിസും(5 പന്തില്‍ 10) ഋഷഭ് പന്ത് 8 റണ്‍സും നേടി ഒരോവര്‍ ബാക്കി നില്‍ക്കെ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.