പ്ലേ ഓഫ് പ്രതീക്ഷയുമായി ഡല്‍ഹി, തിരിച്ചടിയായി ഡ്യുമിനിയുടെയും ഡിക്കോക്കിന്റെ പിന്മാറല്‍

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഐപിഎല്‍ ലേലത്തിനു ശേഷം തികച്ചും സന്തുലിതമായ ടീമായിരുന്നു. കഴിഞ്ഞ തവണത്തെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടൊപ്പം റബാഡയെയും പാറ്റ് കമ്മിന്‍സിനെയും വാങ്ങി ബൗളിംഗ് നിരയെയും ശക്തമാക്കിയിരുന്നു രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പരിശീലനത്തിനിറങ്ങുന്ന ടീം. രാഹുലിനെയും പാഡി അപ്ടണെയും ടീമിലെത്തിക്കുക വഴി അവര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുക എന്ന നയം സ്വീകരിക്കുകയായിരുന്നു കഴിഞ്ഞ സീസണില്‍. ഏറെ കാലത്തിനു ശേഷം ടീമില്‍ നിന്ന് മികച്ചൊരു പ്രകടനം പുറത്തുവരികയും പ്ലേ ഓഫ് സ്വപ്നങ്ങള്‍ പൂവിടുകയും ചെയ്തുവെങ്കിലും ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പകുതിയില്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ ഒട്ടേറെ മാറ്റം വരുത്തിയത് അവര്‍ക്ക് വിനയായി. ഡല്‍ഹിയുടെ റൊട്ടേഷന്‍ പോളിസി പാളി പോകുന്നതാണ് പിന്നീട് ടൂര്‍ണ്ണമെന്റില്‍ കണ്ടത്. പ്ലേ ഓഫ് മോഹങ്ങള്‍ ബാക്കി വെച്ച് ഡല്‍ഹി സീസണ്‍ അവസാനിപ്പിക്കുകയും ചെയ്തു.

ഇത്തവണ ശക്തമായ മുന്നൊരുക്കങ്ങളോടെയെത്തിയ ടീമിനു തിരിച്ചടിയെന്നവണ്ണമാണ് ടീമിലെ സുപ്രധാന താരങ്ങളായ ഡുമിനിയും ഡിക്കോക്കും പിന്മാറിയത്. പരിക്കേറ്റ് പിന്മാറിയ ഇരുവരുടെയും അഭാവം ഡല്‍ഹിയുടെ സന്തുലിതാവസ്ഥയെ തന്നെ തകര്‍ത്തിരിയ്ക്കുകയാണ്. മികച്ചൊരു ഓപ്പണറെയും സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറെയും നഷ്ടമായ ഡല്‍ഹി ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുവാന്‍ ഇതുവരെ തുനിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ടീമില്‍ ലഭ്യമായ കളിക്കാരെ വെച്ച് മികച്ചൊരു പോരാട്ടം നടത്തുക എന്നതിനപ്പുറം ഡല്‍ഹി ആരാധകര്‍ പോലും ടീമില്‍ നിന്ന് വലിയ പ്രതീക്ഷകള്‍ ഇപ്പോള്‍ വെച്ച് പുലര്‍ത്തുന്നില്ല. ടൂര്‍ണ്ണമെന്റിന്റെ പകുതിയ്ക്ക് ഇപ്പോള്‍ ലഭ്യമായ താരങ്ങളില്‍ ചിലര്‍ മടങ്ങുമെന്നതും ഡല്‍ഹിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്പിക്കുകയാണ്. ബാറ്റിംഗ് നിര പരിശോധിക്കുകയാണെങ്കില്‍ ഒരു വലിയ താരത്തിന്റെ അഭാവം വ്യക്തമായി നിഴലിക്കുന്നുണ്ട് എന്നത് വ്യക്തമാണ്. യുവ ഇന്ത്യന്‍ താരങ്ങളെ ഏറെ ആശ്രയിക്കേണ്ടി വരുന്ന ടീമില്‍ പഞ്ഞമില്ലാത്തത് വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാന്മാരെയും സീം ബൗളിംഗ് ഓള്‍റൗണ്ടര്‍മാരെയുമാണ്. ഇവരെ ചുറ്റിപ്പറ്റിയൊരു ആദ്യ ഇലവനെ ഇറക്കുക എന്ന ദൗത്യമാണ് ദ്രാവിഡിന്റെയും സഹീര്‍ ഖാന്റെയും മുന്നില്‍.

ഏറ്റവും മികച്ച ആഭ്യന്തര സീസണ്‍ കഴിഞ്ഞ് വരുന്ന ഋഷഭ് പന്തും ശ്രേയസ് അയ്യരും ടോപ് ഓര്‍ഡറില്‍ കളിക്കുന്നു എന്നതാണ് ഡല്‍ഹിയുടെ ശക്തി. ഇതില്‍ ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റ്സ്മാന്‍ സാം ബില്ലിംഗ്സിനോടൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുവാനുള്ള ദൗത്യം ശ്രേയസ്സിനായിരിക്കും ലഭിയ്ക്കുക. മൂന്നാമനായി ഋഷഭ് പന്തും നാലാമനായി ആഞ്ചലോ മാത്യൂസ്, കോറി ആന്‍ഡേഴ്സണ്‍ എന്നിവരില്‍ ഒരാള്‍ക്കും ആകും സാധ്യത. ടോപ് ഓര്‍ഡറില്‍ പരിചയസമ്പത്തിന്റെ അഭാവം കാരണം നറുക്ക് വീഴാന്‍ കൂടുതല്‍ സാധ്യത ആഞ്ചലോ മാത്യൂസിനാണ്. എന്നാല്‍ മാത്യൂസ് പരിക്കേല്‍ക്കുവാന്‍ വളരെ സാധ്യതയുള്ള കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിനെ എത്രമാത്രം ഡല്‍ഹിയ്ക്ക് ഉപയോഗിക്കുവാന്‍ കഴിയുമെന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

കരുണ്‍ നായരും, സഞ്ജു സാംസണും ആവും തുടര്‍ന്ന് ബാറ്റ് ചെയ്യാനിറങ്ങുക. ടെസ്റ്റിലെ ട്രിപ്പിള്‍ സെഞ്ച്വറിയ്ക്ക് ശേഷം മികച്ചൊരു പ്രകടനം പുറത്തെടുക്കുവാന്‍ കരുണിനു സാധിച്ചിട്ടില്ലെങ്കിലും മുന്‍ ഐപിഎലുകളില്‍ പുറത്തെടുത്ത മെച്ചപ്പെട്ട പ്രകടനം കര്‍ണ്ണാടകയില്‍ നിന്നുള്ള പാതി മലയാളിയില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നുണ്ട്. മറക്കുവാനാഗ്രഹിക്കുന്നൊരു സീസണ്‍ ആണ് സഞ്ജു സാംസണ് ഈ കഴിഞ്ഞ് പോയത്. ഗ്രൗണ്ടിലും ഗ്രൗണ്ടിനു പുറത്തും മോശം പ്രകടനം തുടര്‍ന്ന സഞ്ജു എന്നാല്‍ വിജയ് ഹസാരെ ട്രോഫിയുടെ അവസാന മത്സരങ്ങളില്‍ ഫോം വീണ്ടെടുത്തത് ആരാധകര്‍ക്ക് ആഹ്ലാദവും ആശ്വാസവും നല്‍കുന്നതാണ്.

ഓള്‍റൗണ്ടര്‍മാരുടെ ചുമതല ക്രിസ് മോറിസിനും കാര്‍ലോസ് ബ്രാത്‍വൈറ്റിനുമായിരിക്കും ബ്രാത്‍വൈറ്റിനു പകരം പാറ്റ് കമ്മിന്‍സിനു ടീമിലിടം ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല. മികച്ചൊരു പേസ് ബൗളറായ കമ്മിന്‍സ് അത്യാവശ്യം ബാറ്റ് ചെയ്യാനും കഴിവുള്ള താരമാണ്. ടീമിലെ ഏക സ്പിന്നറായി ഇടം നേടുക അമിത് മിശ്രയായിരിക്കും. പകരക്കാരായി ഇറങ്ങാന്‍ ഷാബാസ് നദീമും, ജയന്ത് യാദവും ബെഞ്ചിലുള്ളത് സ്പിന്‍ ഡിപാര്‍ട്മെന്റിലെ ടീമിന്റെ ശക്തി തെളിയിക്കുന്നു. ജാര്‍ഖണ്ഡിനായി രഞ്ജി, വിജയ് ഹസാരെ ടൂര്‍ണ്ണമെന്റുകളില്‍ മികച്ച പ്രകടനമാണ് ഷാബാസ് നദീം കാഴ്ചവെച്ചത്.

പേസ് ബൗളിംഗ് ചുമതല വഹിയ്ക്കുക നായകന്‍ സഹീര്‍ ഖാനും മുഹമ്മദ് ഷമിയും ആയിരിക്കും എന്നത് ഏറെക്കുറേ വ്യക്തമാണ്. എന്നാല്‍ ഇരുവരും മികച്ച ഫോമിലല്ല എന്നുള്ളത് ഡല്‍ഹിയെ കുറച്ചൊന്നുമല്ല അലട്ടുക. ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന പദവിയ്ക്ക് അര്‍ഹനാണെങ്കിലും സഹീര്‍ ഖാന്‍ സ്ഥിരമായി ഇപ്പോള്‍ മത്സരരംഗത്തില്ല എന്നുള്ളത് ഒരു തിരിച്ചടി തന്നെയാണ്. പരിക്കിനാല്‍ ഏറെ നാള്‍ പുറത്തിരുന്ന ശേഷം തിരിച്ചുവരവ് നടത്തുകയാണ് മുഹമ്മദ് ഷമി. അവസാന ഓവറുകള്‍ എറിയുവാനുള്ള താരത്തിന്റെ കഴിവ് ഇത്തവണയും തങ്ങള്‍ക്ക് തുണയാകുമെന്നാണ് ഡല്‍ഹി ക്യാമ്പിന്റെ പ്രതീക്ഷ.

ഡല്‍ഹിയ്ക്ക് ലഭ്യമായ താരങ്ങള്‍ പരിമിതമാണ്. ഉള്ള താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ കഴിവുള്ളൊരു കോച്ചിംഗ് ടീം ഉണ്ടെന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ ശക്തി. ദ്രാവിഡും പാഡിയും അത് മുമ്പും തെളിയിച്ചിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് പുരോഗമിയ്ക്കുമ്പോള്‍ പല താരങ്ങളുടെ തങ്ങളുടെ ദേശീയ ടീമിന്റെ കുപ്പായം അണിയുവാന്‍ തിരിച്ചു പോകുന്നതിനു മുമ്പ് ആവുന്നത്ര വിജയം പോക്കറ്റിലാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാവും പ്ലേ ഓഫ് മോഹങ്ങളുമായി ഡല്‍ഹി ഐപിഎല്‍ പത്താം സീസണിനു ഇറങ്ങുക.

Previous articleക്ലബ് ഫുട്ബോൾ; വിജയത്തോടെ കേരള പോലീസ് തുടങ്ങി
Next articleസമനില കുരുക്കിൽ നിന്ന് രക്ഷനേടാൻ യുണൈറ്റഡ്