15.4 ഓവറില്‍ വിജയം സ്വന്തമാക്കി ചെന്നൈ, ആറ് വിക്കറ്റ് വിജയം

Cskmoeenali

പഞ്ചാബ് കിംഗ്സ് നേടിയ 106/8 എന്ന സ്കോര്‍ 15.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. റുതുരാജ് ഗായക്വാഡ് തുടക്കത്തില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് വാങ്കഡേയില്‍ കണ്ടത്. അധികം വൈകാതെ താരം അര്‍ഷ്ദീപ് സിംഗിന് വിക്കറ്റ് നല്‍കി മടങ്ങുകയും ചെയ്തു.

റുതുരാജ് 16 പന്തില്‍ 5 റണ്‍സ് നേടിയാണ് മടങ്ങിയത്. ഗായക്വാഡ് പുറത്തായ ശേഷം ക്രീസിലെത്തിയ മോയിന്‍ അലി അനായാസം ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് ഫാഫ് ഡു പ്ലെസിയും താരത്തിന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 66 റണ്‍സാണ് നേടിയത്. 31 പന്തില്‍ 46 റണ്‍സ് നേടിയ മോയിന്‍ അലിയുടെ വിക്കറ്റ് അശ്വിനാണ് നേടിയത്.

ലക്ഷ്യത്തിന് വളരെ അടുത്തെത്തിയപ്പോള്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും വളരെ ചെറിയ സ്കോര്‍ മാത്രം പഞ്ചാബ് നേടിയതിനാല്‍ തന്നെ അധികം ബുദ്ധിമുട്ടാതെ ശേഷിക്കുന്ന റണ്‍സ് കണ്ടെത്തുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു. 36 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി പുറത്താകാതെ നിന്നു.

മുഹമ്മദ് ഷമി പഞ്ചാബ് കിംഗ്സിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.