പൊരുതി കീഴടങ്ങി രാജസ്ഥാന്‍, ചെന്നൈയ്ക്ക് ത്രില്ലര്‍ ജയം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിനെ 8 റണ്‍സിനു പരാജയപ്പെടുത്തി മൂന്നാം ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇതോടെ ടൂര്‍ണ്ണമെന്റില്‍ പരാജയം അറിയാത്ത ടീമായി ചെന്നൈ മാറി. 176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് 94/5 എന്ന നിലയിലേക്ക് വീണ ശേഷമാണ് സ്റ്റോക്സ്-ജോഫ്ര കൂട്ടുകെട്ട് രാജസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത്. ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു ജയിക്കുവാന്‍ രാജസ്ഥാന് വേണ്ടിയിരുന്നത്.

എന്നാല്‍ ഓവറിന്റെ ആദ്യ പന്തില്‍ ബെന്‍ സ്റ്റോക്സിനെ നഷ്ടപ്പെട്ട രാജസ്ഥാന് 20 ഓവറില്‍ 167 റണ്‍സാണ് രാജസ്ഥാന് 8 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. ബെന്‍ സ്റ്റോക്സ് 26 പന്തില്‍ നിന്ന് 46 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ 11 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡറില്‍ നിന്ന് കാര്യമായ സംഭാവനയൊന്നുമില്ലാത്തതും രാജസ്ഥാന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.

27/3 എന്ന നിലയിലേക്ക് വീണ ശേഷം ധോണിയുടെ ചുമലിലേറി 175/5 എന്ന മികച്ച സ്കോറിലേക്ക് നീങ്ങിയ ശേഷം രാജസ്ഥാനെ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി പ്രതിരോധത്തിലാക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു.

ദീപക് ചഹാറും ശര്‍ദ്ധുല്‍ താക്കൂറും ചേര്‍ന്ന് രാജസ്ഥാനെ 14/3 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. രഹാനെയെ(0) ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പുറത്താക്കിയ ചഹാര്‍ സഞ്ജുവിന്റെ(8) വിക്കറ്റും നേടി. സുരേഷ് റെയ്‍ന മികച്ചൊരു ക്യാച്ചിലൂടെയാണ് താരത്തെ പുറത്താക്കിയത്. അടുത്ത ഓവറില്‍ ജോസ് ബട്‍ലറും പുറത്തായതോടെ രാജസ്ഥാന്‍ തകര്‍ന്നടിയുമെന്ന് കരുതി.

തുടര്‍ന്ന് 61 റണ്‍സ് നാലാം വിക്കറ്റില്‍ നേടി രാഹുല്‍ ത്രിപാഠിയും സ്റ്റീവന്‍ സ്മിത്തും രാജസ്ഥാന്റെ രക്ഷാപ്രവര്‍ത്തനം തുടങ്ങി. സ്മിത്ത് പഴയ ഒഴുക്കില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടപ്പോള്‍ രാഹുല്‍ ത്രിപാഠിയാണ് സ്കോറിംഗ് വേഗത്തില്‍ നടത്തിയത്. എന്നാല്‍ ഇമ്രാന്‍ താഹിറിനു അനായാസമായ റിട്ടേണ്‍ ക്യാച്ച് നല്‍കി ത്രിപാഠി മടങ്ങിയതോടെ രാജസ്ഥാന്റെ സാധ്യതകള്‍ മങ്ങി. 24 പന്തില്‍ നിന്ന് 39 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്.

ഏതാനും ഓവറുകള്‍ക്ക് ശേഷം സ്മിത്തും(28) താഹിറിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 13.2 ഓവറില്‍ 94 റണ്‍സ് മാത്രമായിരുന്നു. 30 പന്തില്‍ നിന്ന് 65 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന രാജസ്ഥാന് അധികം ബാറ്റിംഗ് അവശേഷിക്കുന്നില്ലായിരുന്നു എന്നതും തിരിച്ചടിയായി. ഇമ്രാന്‍ താഹിറിന്റെ ഓവറിലെ ആദ്യ പന്തില്‍ സിക്സ് നേടുവാന്‍ കൃഷ്ണപ്പ ഗൗതമിനു സാധിച്ചുവെങ്കിലും അടുത്ത അഞ്ച് പന്തില്‍ നിന്ന് 3 റണ്‍സ് മാത്രം വിട്ട് നല്‍കി ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ താരം വീണ്ടും തന്റെ കഴിവ് തെളിയിച്ചു.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ അടുത്ത ഓവറില്‍ ഗൗതമും(8) മടങ്ങി. പിന്നീട് ക്രീസിലെത്തിയ ജോഫ്ര ആര്‍ച്ചര്‍ അടുത്ത പന്ത് ബൗണ്ടറി കടത്തുകയും ഓവറിലെ അവസാന പന്തില്‍ സിക്സ് നേടിയും മത്സരം ആവേശകരമായി തന്നെ നിലനിര്‍ത്തി. മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 44 റണ്‍സായിരുന്നു രാജസ്ഥാന് വിജയത്തിനായി നേടേണ്ടിയിരുന്നത്.

രാജസ്ഥാന്‍ ക്യാമ്പിനു ആഹ്ലാദം പകര്‍ന്ന് ഡ്വെയിന്‍ ബ്രാവോ എറിഞ്ഞ 18ാം ഓവറിലെ ആദ്യ പന്ത് സിക്സും രണ്ടാം പന്ത് ബൗണ്ടറിയും ബെന്‍ സ്റ്റോക്സ് നേടിയപ്പോള്‍ ജോഫ്ര ആര്‍ച്ചറും സിക്സ് നേടി ഓവര്‍ രാജസ്ഥാനു അനുകൂലമാക്കി മാറ്റി. 19 റണ്‍സാണ് ഓവറില്‍ പിറന്നത്. ഇതോടെ ലക്ഷ്യം 12 പന്തില്‍ 25 റണ്‍സായി മാറി.

ശര്‍ദ്ധുല്‍ താക്കൂര്‍ എറിഞ്ഞ ഓവറില്‍ 12 റണ്‍സ് നേടി സ്റ്റോക്സ്-ആര്‍ച്ചര്‍ കൂട്ടുകെട്ട് ലക്ഷ്യം അവസാന ഓവറില്‍ 12 ആക്കി മാറ്റിയെങ്കിലും ഓവറില്‍ ബ്രാവോയെ അതിര്‍ത്തി കടത്തുവാന്‍ സാധിക്കാതെ എട്ട് റണ്‍സിന്റെ തോല്‍വിയിലേക്ക് വീഴുകയായിരുന്നു.

ദീപക് ചഹാര്‍ നാലോവറില്‍ 19 റണ്‍സും ഇമ്രാന്‍ താഹിര്‍ 23 റണ്‍സും വിട്ട് നല്‍കിയാണ് 2 വീതം വിക്കറ്റ് നേടിയത്. ഡ്വെയിന്‍ ബ്രാവോ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴത്തി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.