
ഐപിഎല്‍ പതിനൊന്നാം സീസണിലേക്ക് തന്റെ വരവറിയിച്ച് ക്രിസ് ഗെയില്‍. ആദ്യ രണ്ട് മത്സരങ്ങളിലും ടീമിലില്ലാതിരുന്ന ക്രിസ് ഗെയില്‍ ഇന്ന് കിട്ടിയ അവസരം അക്ഷരാര്‍ത്ഥത്തില്‍ മുതലാക്കുകയായിരുന്നു. ഗെയിലിനൊപ്പം ലോകേഷ് രാഹുലും മയാംഗ് അഗര്‍വാലും യുവരാജ് സിംഗും കരുണ്‍ നായരുമെല്ലാം ചുരുങ്ങിയ പന്തില്‍ അടിച്ച് തകര്‍ത്തുവെങ്കിലും 200നു മുകളില്‍ സ്കോറിലെത്താന്‍ കിംഗ്സ് ഇലവന് പഞ്ചാബിനായില്ല. ഒരു ഘട്ടത്തില്‍ 220നു മുകളില്‍ സ്കോര്‍ പോകുമെന്ന് കരുതിയെങ്കിലും ഇമ്രാന് താഹിറും ശര്‍ദ്ധുല്‍ താക്കൂറും വിക്കറ്റുകളുമായി ചെന്നൈയുടെ തിരിച്ചുവരവിനു കളമൊരുക്കി. അവസാന ഓവറെറിഞ്ഞ ബ്രാവോ വെറും 5 റണ്‍സാണ് നല്‍കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് പഞ്ചാബ് നേടിയത്.
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ 8ാം ഓവറില്‍ 96 റണ്‍സാണ് ഗെയിലും രാഹുലും നേടിയത്. 37 റണ്‍സ് നേടിയ രാഹുലിനെ ഹര്ഭജന് പുറത്താക്കി. 33 പന്തില്‍ 63 റണ്‍സ് നേടിയ ക്രിസ് ഗെയിലിന്റെ വിക്കറ്റ് ഷെയിന്‍ വാട്സണ് ആണ് ലഭിച്ചത്. ഗെയില്‍ തന്റെ മടങ്ങിവരവില്‍ 7 ബൗണ്ടറിയും 4 സിക്സുമാണടിച്ചത്. 19 പന്തില്‍ 30 റണ്‍സുമായി മയാംഗ് അഗര്‍വാലിനെ താഹിര്‍ പുറത്താക്കി. യുവരാജ് 20 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറില്‍ കരുണ്‍ നായരെ(29) പുറത്താക്കി ബ്രാവോയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
ശര്‍ദ്ധുല്‍ താക്കൂറും ഇമ്രാന് താഹിറും 2 വിക്കറ്റ് വീതം നേടിയപ്പോള്‍ ഹര്ഭജന് സിംഗ്, ഷെയിന്‍ വാട്സണ്, ഡ്വെയിന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial