കൊല്‍ക്കത്തയുടെ നടുവൊടിച്ച് ചഹാറും താഹിറും, കൊല്‍ക്കത്തയെ നൂറ് റണ്‍സ് കടത്തി ആന്‍ഡ്രേ റസ്സല്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടോപ് ഓര്‍ഡറിലെ താരങ്ങളുടെ മോശം ഷോട്ടുകള്‍ കാരണം 24/4 എന്ന നിലയിലേക്കും പിന്നീട് 47/6 എന്ന നിലയിലേക്കും തകര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നൂറ് റണ്‍സ് കടത്തി ആന്‍ഡ്രേ റസ്സല്‍. അവസാന വിക്കറ്റില്‍ ഹാരി ഗുര്‍ണേയെ കൂട്ടുപിടിച്ച് റസ്സല്‍ പത്താം വിക്കറ്റില്‍ 29 റണ്‍സ് നേടി കൊല്‍ക്കത്തയെ 108/9 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 43 പന്തില്‍ നിന്ന് 50 റണ്‍സ് നേടി കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം പുറത്താകാതെ നിന്നു.

ക്രിസ് ലിന്നിനെ ആദ്യ ഓവറില്‍ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ദീപക് ചഹാര്‍ ആണ് കൊല്‍ക്കത്തയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചത്. തൊട്ടടുത്ത ഓവറില്‍ ഹര്‍ഭജനെ ആക്രമിക്കുവാന്‍ ശ്രമിച്ച സുനില്‍ നരൈനെ മികച്ചൊരു ക്യാച്ചിലൂടെ ദീപക് ചഹാര്‍ പുറത്താക്കി.

ചഹാറിന്റെ അടുത്ത ഓവറില്‍ നിതീഷ് റാണയും തൊട്ടടുത്ത ഓവറില്‍ ചഹാറിനെ രണ്ട് ബൗണ്ടിയ്ക്ക് പായിച്ച ശേഷം റോബിന്‍ ഉത്തപ്പയും മോശം ഷോട്ട് കളിച്ച് പുറത്തായപ്പോള്‍ കൊല്‍ക്കത്ത 24/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ശുഭ്മന്‍ ഗില്ലിനെ കൂട്ടുപിടിച്ച് ദിനേശ് കാര്‍ത്തിക്കിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുമെന്ന് കരുതിയെങ്കിലും മികച്ചൊരു ക്യാച്ചിലൂടെ ഹര്‍ഭജന്‍ താഹിറിനു മത്സരത്തിലെ ആദ്യ വിക്കറ്റ് നേടിക്കൊടുത്തു. 19 റണ്‍സായിരുന്നു കാര്‍ത്തിക്ക് നേടിയത്.

തന്റെ അടുത്ത ഓവറില്‍ ഗില്ലിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്തായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി. താഹിര്‍ തന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റും നേടി. പിന്നീട് ക്രീസിലെത്തിയ റസ്സല്‍ ഇടയ്ക്ക് വലിയ അടികള്‍ നേടിയെങ്കിലും മറുവശത്ത് തുടരെ വിക്കറ്റുകള്‍ വീണത് ടീമിനു തിരിച്ചടിയായി. റസ്സല്‍ ഒരു വശത്ത് കാഴ്ചക്കാരാനായി നിന്നപ്പോള്‍ മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി ചെന്നൈ സമ്മര്‍ദ്ദം സൃഷ്ടിച്ചു.

എന്നാല്‍ അവസാന ഓവറില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്സും സഹിതം 14 റണ്‍സാണ് റസ്സല്‍ നേടിയത്. ദീപക് ചഹാര്‍ മൂന്നും ഹര്‍ഭജന്‍ സിംഗും ഇമ്രാന്‍ താഹിറും രണ്ട് വീതം വിക്കറ്റും നേടി.