ഐപിഎലിനോട് കൗണ്ടികള്‍ക്ക് ലേശം വിട്ടുവീഴ്ചയാവാം: ഡേവിഡ് വില്ലി

ഐപിഎലിനോടുള്ള കൗണ്ടികളുടെ സമീപനത്തില്‍ ലേശം വിട്ടുവീഴ്ചയാവാമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ഡേവിഡ് വില്ലി. തുറന്ന മനസ്സോടെ താരങ്ങളുടെ ആവശ്യം പരിഗണിക്കുവാന്‍ കൗണ്ടികള്‍ തയ്യാറാകാണമെന്നാണ് ഡേവിഡ് വില്ലി ആവശ്യപ്പെട്ടത്. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കളിക്കുവാനുള്ള ആവശ്യവുമായി താന്‍ യോര്‍ക്ക്ഷയറിനെ സമീപിച്ചപ്പോള്‍ തന്റെ കരാര്‍ റദ്ദാക്കുമെന്ന് വരെ അവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഡേവിഡ് വില്ലി ഇപ്പോള്‍ പറയുന്നത്.

ഐപിഎല്‍ ലേലത്തില്‍ ആരും പരിഗണിക്കാതിരുന്ന യോര്‍ക്ക്ഷയര്‍ താരങ്ങളായ ഡേവിഡ് വില്ലിയും ലിയാം പ്ലങ്കറ്റും അവസാന നിമിഷമാണ് ഐപിഎലിലേക്ക് എത്തിയത്. അത് യോര്‍ക്ക്ഷയറിനു തങ്ങളുടെ കൗണ്ടി മത്സരങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരുന്നു. അതിനാല്‍ തന്നെ താരങ്ങളുടെ ശ്രമത്തെ മുളയിലെ നുള്ളുവാനുള്ള ശ്രമം മാനേജ്മെന്റ് കൈക്കൊണ്ടിരുന്നു.

എന്നാല്‍ ഐപിഎല്‍ കരാര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ ക്ലബ് തടഞ്ഞിരുന്നേല്‍ അത് ക്ലബ്ബും താരങ്ങളും തമ്മിലുള്ള ബന്ധത്തെ വഷളാക്കിയേനെ. എന്നാല്‍ രണ്ട് മികച്ച ബൗളര്‍മാരെ അവസാന നിമിഷത്തില്‍ നഷ്ടമാകുന്നതും ക്ലബ്ബിനു അംഗീകരിക്കാനാകുന്നത് ആയിരുന്നില്ല. അവസാന നിമിഷം പകരക്കാരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യവും ഇത്തരം സമീപനത്തിനു കാരണമായി എന്ന് വേണം മനസ്സിലാക്കുവാന്‍.

ഇതെത്തുടര്‍ന്ന് ഐപിഎലില്‍ കൗണ്ടി താരങ്ങള്‍ക്ക് പങ്കെടുക്കാവുന്നതിനു ഒരു പരിധി തീയ്യതി വേണമെന്ന് യോര്‍ക്ക്ഷയര്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ മോക്സോണ്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഐപിഎല്‍ പോലുള്ള ഏറ്റവും വലിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കളിക്കുക എന്നത് ഏവര്‍ക്കും സാധ്യമല്ല. അതിനാല്‍ തന്നെ കൗണ്ടി താരങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെ തടയുന്നതില്‍ നിന്ന് ക്ലബ്ബുകള്‍ പുനര്‍വിചിന്തം നടത്തണമെന്നാണ് വില്ലി പറഞ്ഞത്.

മൂന്ന് മത്സരങ്ങള്‍ മാത്രമേ താന്‍ ഐപിഎലില്‍ കളിച്ചുള്ളുവെങ്കിലും ആ അനുഭവം തനിക്ക് ഏറെ ഗുണം ചെയ്തുവെന്നാണ് വില്ലി പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial