
പതിഞ്ഞ തുടക്കക്കാരെന്ന ഖ്യാതി മുംബൈ കഴിഞ്ഞ കുറേ സീസണുകളിലായി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷം തോല്‍വികളുടെ ഒരു പരമ്പരയ്ക്ക് ശേഷമാണ് ജയ വീഥികളിലേക്ക് മുംബൈ എത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ അത് അവരുടെ പ്ലേ ഓഫ് മോഹങ്ങളെ വല്ലാതെ ബാധിയ്ക്കുകയും ചെയ്തു. ഇത്തവണ ആ കണക്ക് തീര്‍ക്കാനാണ് മുംബൈ ഇറങ്ങുന്നത്. പ്ലേ ഓഫ് മോഹങ്ങള്‍ക്കുമപ്പുറം കിരീടം എന്ന ലക്ഷ്യവുമായാണ് ഇത്തവണ മുംബൈ ഇറങ്ങുന്നത്.
പാര്‍ത്ഥിവ് പട്ടേല്‍ തന്റെ കരിയറിലേ ഏറ്റവും മികച്ച ഫോമില്‍ തുടരുന്നത് മുംബൈയ്ക്ക് വളരെയേറെ ഗുണം ചെയ്യും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഫിറ്റാണെങ്കിലും മാച്ച് പ്രാക്ടീസിന്റെ അഭാവം ടീമിനെ അലട്ടില്ലെന്ന് കരുതാം. ഓപ്പണിംഗില്‍ ക്യാപ്റ്റനും പാര്‍ത്ഥിവും ഒത്തുകൂടുമ്പോള്‍ മികച്ച പാര്‍ട്ണര്‍ഷിപ്പുകളാണ് മുംബൈ പ്രതീക്ഷിക്കുന്നത്. വണ്‍ ഡൗണായി അമ്പാട്ടി റായിഡുവും ഫോമിലാണ്. ദിയോദര്‍ ട്രോഫിയില്‍ ടീമിനൊരു വിജയം പോലും സ്വന്തമാക്കാനായില്ലെങ്കിലും റണ്‍ കണ്ടെത്തുന്നതില്‍ അമ്പാട്ടി റായിഡു ഒട്ടും കുറവ് വരുത്തിയില്ല. ഈ മൂന്ന് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഏറെ നിര്‍ണ്ണായകമാകും മുംബൈയുടെ മുന്നോട്ടുള്ള പ്രയാണത്തിന്.
നാല് വിദേശ താരങ്ങള്‍ ആരൊക്കെയെന്നുള്ളത് ഏത് ടീമിനെയും പോലെ മുംബൈയ്ക്കും തലവേദന സൃഷ്ടിക്കുക തന്നെ ചെയ്യും. പൊള്ളാര്‍ഡും മലിംഗയും ആദ്യ ഇലവനില്‍ സ്ഥാനം പിടിയ്ക്കുമെന്ന് ഏറെക്കുറെ ഉറപ്പുള്ളപ്പോള്‍ മിച്ചല്‍ ജോണ്‍സണും ജോസ് ബട്ലറും ആവും മറ്റ് രണ്ട് സ്ഥാനങ്ങള്‍ എടുക്കുക. അസേല ഗുണരത്നേ, ടിം സൗത്തി, മക്ലെനാഗന് , ലെന്‍ഡല്‍ സിമ്മണ്‍സ് എന്നിവര്‍ മുംബൈയുടെ ബെഞ്ച് സ്ട്രെംഗ്ത് തുറന്ന് കാട്ടുകയാണ്.
പാണ്ഡ്യ സഹോദരന്മാരുടെ സാന്നിധ്യമാണ് ടീമിന്റെ മറ്റൊരു മുതല്‍ക്കൂട്ട്. രണ്ട് പേരുടെയും ഓള്‍റൗണ്ട് മികവ് ടീമിനു മികച്ച സന്തുലിതാവസ്ഥയാണ് നല്‍കുന്നത്. ഹര്‍ദ്ദിക് പാണ്ഡ്യ ഏകദിന-ടി20 ടീമുകളിലെ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ ബറോഡയ്ക്ക് വേണ്ടി ഈ സീസണില്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ബൗളിംഗില്‍ മലിംഗയ്ക്കും ബുംറയ്ക്കും കൂട്ടായി മിച്ചല്‍ ജോണ്‍സണും ഹര്ഭജന് സിംഗും എത്തുമെന്ന് കരുതപ്പെടുന്നു. പാണ്ഡ്യ സഹോദരന്മാരും, പൊള്ളാര്‍ഡും ബൗളിംഗ് ദൗത്യം നിര്‍വഹിക്കുവാന്‍ ശേഷിയുള്ളവരാണ്. മലിംഗയെ പരിക്ക് അലട്ടുകയാണേല് ബാക്കപ്പായി ടിം സൗത്തി, മക്ലെനാഗന് എന്നിവര്‍ പകരക്കാരായി ഇറങ്ങുവാന്‍ കാത്തിരിക്കുന്നുവെന്നത് മുംബൈയ്ക്ക് ഏറെ ആശ്വാസകരമാണ്.