നിര്‍ണ്ണായക വിക്കറ്റുകളുമായി ചേതന്‍ സക്കറിയ, ചെന്നൈയ്ക്ക് 188 റണ്‍സ്

Chetansakariya
- Advertisement -

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് 188 റണ്‍സ്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോറിലേക്ക് ചെന്നൈ എത്തിയത്. ഫാഫ് ഡു പ്ലെസി(33), മോയിന്‍ അലി(26), സുരേഷ് റെയ്‍ന(18), അമ്പാട്ടി റായിഡു(27) എന്നിവരെല്ലാം മികച്ച തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറിലേക്ക് തങ്ങളുടെ ഇന്നിംഗ്സിനെ നയിക്കാനാകാതെ പോകുകയായിരുന്നു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളുമായി രാജസ്ഥാന്‍ ബൗളര്‍മാര്‍ ചെന്നൈയ്ക്ക് മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുകയായിരുന്നു. റുതുരാജ് ഗായ്ക്വാഡ് റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഫാഫ് ഡു പ്ലെസിയും മോയിന്‍ അലിയും പതിവ് ശൈലിയില്‍ ബാറ്റ് വീശുകയായിരുന്നു.

മോയിന്‍ അലി പുറത്താകുമ്പോള്‍ 9.2 ഓവറില്‍ 78/3 എന്ന നിലയിലായിരുന്നു. നാലാം വിക്കറ്റില്‍ അമ്പാട്ടി റായിഡുവും സുരേഷ് റെയ്‍നയും തകര്‍പ്പനടികളുമായി കളം നിറഞ്ഞപ്പോള്‍ ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ഒരേ ഓവറില്‍ റായിഡുവിനെയും സുരേഷ് റെയ്‍നയെയും പുറത്താക്കി ചേതന്‍ സക്കറിയ ചെന്നൈ സ്കോറിംഗിന് തടയിടുകയായിരുന്നു.

തന്റെ അടുത്ത ഓവറില്‍ എംഎസ് ധോണിയുടെ വിക്കറ്റും ചേതന്‍ സക്കറിയ സ്വന്തമാക്കി. ധോണി 17 പന്തില്‍ 18 റണ്‍സാണ് നേടിയത്. 8 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്ന ഡ്വെയിന്‍ ബ്രാവോയും 6 പന്തില്‍ 13 റണ്‍സ് നേടിയ സാം കറനുമാണ് അവസാന ഓവറുകളില്‍ ചെന്നൈയുടെ സ്കോര്‍ മുന്നോട്ട് നയിച്ചത്. സക്കറിയയ്ക്ക് പുറമെ ക്രിസ് മോറിസ് രാജസ്ഥാന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Advertisement