
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ 205 റണ്‍സ് 2 പന്തുകള്‍ ശേഷിക്കെ മറികടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയിന്‍ വാട്സണെ പുറത്താക്കി നേഗിയും സുരേഷ് റെയ്നയെ മടക്കി ഉമേഷ് യാദവും ബാംഗ്ലൂരിനു മികച്ച തുടക്കമാണ് നല്‍കിയത്. പിന്നീട് ഇരട്ട പ്രഹരവുമായി യൂസുവേന്ദ്ര ചഹാല്‍ സാം ബില്ലിംഗ്സിനെയും രവീന്ദ്ര ജഡേജയെയും പുറത്താക്കി ചെന്നൈ നിരയെ പ്രതിരോധത്തിലാക്കി. അതിനു ശേഷമാണ് എംഎസ് ധോണി-അമ്പാട്ടി റായിഡു സഖ്യം ടീമിന്റെ ചരിത്രപരമായ തിരിച്ചുവരവിനു ആരംഭം കുറിച്ചത്.
206 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് 74/4 എന്ന നിലയില്‍ നിന്ന് 101 റണ്‍സ് അഞ്ചാം വിക്കറ്റില്‍ കൂട്ടിചേര്‍ത്ത് വിജയത്തിലേക്ക് കുതിക്കുന്നതിനിടെ അമ്പാട്ടി റായിഡു(82) റണ്‍ഔട്ട് ആവുകയായിരുന്നു. എംഎസ് ധോണിയായിരുന്നു റായിഡുവിനു കൂട്ടായി നിലനിന്നിരുന്നത്. 19.4 ഓവറില്‍ 207/5 എന്ന സ്കോര്‍ നേടിയാണ് ചെന്നൈ വിജയം നേടിയത്.
റായിഡു പുറത്തായ ശേഷം രണ്ടോവറില്‍ 30 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ മുഹമ്മദ് സിറാജിന്റെ ഓവറില്‍ 14 റണ്‍സ് നേടി അവസാന ഓവറിലെ ലക്ഷ്യം 16 ആക്കി മാറ്റി. ആദ്യ നാല് പന്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ സിറാജിനെ അഞ്ചാം പന്തില്‍ ധോണി സിക്സര്‍ പറത്തിയപ്പോള്‍ അവസാന പന്തില്‍ തുടരെ മൂന്ന് വൈഡുകള്‍ എറിഞ്ഞ സിറാജിനെതിരെ ഡബിള്‍ ഓടി ലക്ഷ്യം ഒരോവറില്‍ 16 റണ്‍സായി.
എംഎസ് ധോണി 34 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറില്‍ കോറെ ആന്‍ഡേഴ്സണെ ബൗണ്ടറി കടത്തി ഡ്വെയിന്‍ ബ്രാവോയും ഒപ്പം കൂടി. മൂന്നാം പന്തില്‍ സിക്സര്‍ പറത്തി ധോണി ചെന്നൈയെ വീണ്ടുമൊരു ത്രില്ലര്‍ വിജയത്തിലേക്ക് നയിച്ചു. ബ്രാവോ 7 പന്തില്‍ 14 റണ്‍സ് നേടി ധോണിയ്ക്ക് മികച്ച പിന്തുണ നല്കി.
യൂസുവേന്ദ്ര ചഹാലും ഉമേഷ് യാദവുമാണ് ബാംഗ്ലൂ നിരയില്‍ ബൗളിംഗില്‍ തിളങ്ങിയത്. ചഹാല്‍ രണ്ടും ഉമേഷ് യാദവ്, പവന് നേഗി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial