ഇത് ചരിത്രം, പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പർ കിങ്‌സ് ഐ.പി.എല്ലിൽ നിന്ന് പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ് പുറത്ത്. ഇതുവരെ നടന്ന എല്ലാ ഐ.പി.എൽ ടൂർണമെന്റുകളിലും പ്ലേ ഓഫ് ഉറപ്പിച്ച സി.എസ്.കെക്ക് ഇത്തവണ കാലിടറി. 12 മത്സരങ്ങളിൽ നിന്ന് 4 ജയം മാത്രമാണ് ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിന് നേടാനായത്.

അടുത്ത വർഷം ടീമിനെ ഐ.പി.എല്ലിൽ ഇറക്കുന്നതിന് മുൻപ് ടീമിൽ കാര്യമായ മാറ്റങ്ങൾ വേണ്ടി വരുമെന്ന് ധോണിക്കും ചെന്നൈ സൂപ്പർ കിങ്‌സ് മാനേജ്മെന്റിനും അറിയാം. കഴിഞ്ഞ ദിവസം ആർ.സി.ബിക്കെതിരെ മികച്ച വിജയം നേടിയ ദിവസം തന്നെയാണ് മൂന്ന് തവണ ചാമ്പ്യന്മാരായ ചെന്നൈ ഐ.പി.എല്ലിൽ നിന്ന് പുറത്തേക്കാണെന്ന് ഉറപ്പിച്ചത്. ഈ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രകടനം ആരാധകരുടെ മനസ്സിലേക്ക് മുൻ വർഷത്തെ പ്രകടനങ്ങൾ ഓടിവരുകയും ചെയ്തുകാണും.

ടൂർണമെന്റിന്റെ തുടക്കം മുതൽ ചെന്നൈ സൂപ്പർ കിങ്‌സ് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോയത്. തുടക്കത്തിൽ താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ പോസറ്റീവ് ആയതും അവർക്ക് തിരിച്ചടിയായി. കൂടാതെ വെറ്ററൻ താരങ്ങളായ സുരേഷ് റെയ്നയും ഹർഭജൻ സിങ്ങും ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇവർക്ക് പകരക്കാരെ ചെന്നൈ സൂപ്പർ കിങ്‌സ് പ്രഖ്യാപിച്ചതും ഇല്ല. കൂടാതെ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി പതിവ് ഫോമിലേക്ക് ഉയരാത്തതും സ്പിൻ ബൗളർമാർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാത്തതും ഈ വർഷം ചെന്നൈക്ക് തിരിച്ചടിയായി.