
കാവേരി നദിജല തര്‍ക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ കാരണം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് വേദി മാറ്റം. മത്സരങ്ങള്‍ ചെന്നൈയില്‍ നിന്ന് മറ്റൊരു വേദിയിലേക്ക് മാറ്റുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍. സുരക്ഷ വീഴ്ച സംഭവിക്കാമെന്ന ബിസിസിഐയുടെ വിലയിരുത്തലാണ് തീരുമാനത്തിനു പിന്നില്‍. ഏപ്രില്‍ 20നു നടക്കാനിരിക്കുന്ന മത്സരങ്ങള്‍ നടത്തില്ലെന്ന് ചില സംഘടനകളുടെ വെല്ലുവിളിയും തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് അറിയുന്നത്.
പകരം വേദിയേതെന്നുള്ള തീരുമാനം ഇതുവരെ ബിസിസിഐ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. പൂനെയിലേക്ക് മത്സരങ്ങള്‍ മാറ്റുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. കൊച്ചിയിലോ തിരുവനന്തപുരത്തോ മത്സരം നടത്തുവാനും സാധ്യതയുണ്ടെന്നുമാണ് പല സ്രോതസ്സുകളില്‍ നിന്നു ലഭിക്കുന്ന വിവരം. എന്നാല്‍ കൊച്ചിയില്‍ കളി നടക്കുവാനുള്ള സാധ്യത വളരെ വിരളമാണെന്ന് വേണം വിലയിരുത്തുവാന്‍. കൊച്ചിയില്‍ ഫിഫ പിച്ചിനെ നശിപ്പിക്കുരുതെന്ന് പറഞ്ഞ് പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തിരുവനന്തപുരം ഇത്ര വേഗം മത്സര സജ്ജമാക്കുവാനുള്ള സാധ്യതയും പ്രയാസകരമാണ്. അതിനാല്‍ തന്നെ പൂനെയിലേക്ക് ആവും മത്സരങ്ങള്‍ മാറ്റുവാന്‍ സാധ്യത.
ചെന്നൈയില്‍ ഇന്നലെ നടന്ന മത്സരത്തിനു മുമ്പ് പ്രതിഷേധക്കാരുടെ ശക്തമായ പ്രതിഷേധം സ്റ്റേഡിയത്തിനു മുന്നില്‍ നടന്നിരുന്നു. ഇതിനു പുറമേ സ്റ്റേഡിയത്തിലെ ഒരു ഗേറ്റ് പ്രതിഷേധക്കാര്‍ പൂട്ടിയിടുകയും ചെയ്തു. ഗ്രൗണ്ടിലേക്ക് കടക്കുവാന്‍ ബുദ്ധിമുട്ട് നേരിട്ട മാച്ച് ഒഫീഷ്യലുകള്‍ എത്തുവാന്‍ വൈകിയതിനാല്‍ ടോസ് വൈകിയാണ് നടന്നത്. മത്സരം യഥാസമയത്ത് ആരംഭിച്ചുവെങ്കിലും കളിയ്ക്കിടെ ഗ്രൗണ്ടിലേക്ക് ഷൂ വലിച്ചെറിഞ്ഞ സംഭവം കൂടിയായപ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുവാന്‍ മത്സരം ചെന്നൈയില്‍ നിന്ന് മാറ്റുവാന്‍ ബിസിസിഐ തീരുമാനമെടുക്കുകയായിരുന്നു.
രണ്ട് വര്‍ഷത്തെ മടങ്ങിവരവിനു ശേഷം നാട്ടിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ മത്സരങ്ങള്‍ കാണാനാകാത്തത് ആരാധകര്‍ക്ക് തിരിച്ചടി തന്നെയാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial