ഫീല്‍ഡിംഗിലെ പിഴവുകളാണ് കളികള്‍ നഷ്ടപ്പെടുത്തുന്നത് എന്നാല്‍ കുറ്റം പറയാനില്ല

- Advertisement -

ഫീല്‍ഡിംഗിലെ പിഴവുകളാണ് തങ്ങളെ ഇന്നലത്തെ മത്സരത്തില്‍ പരാജയത്തിന്റെ പക്ഷത്ത് നിര്‍ത്തിയതെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍. രണ്ട് സണ്‍റൈസേഴ്സ് ബാറ്റ്സ്മാന്മാര്‍ക്കാണ് മത്സരത്തില്‍ ഇന്നലെ ഡല്‍ഹി ഫീല്‍ഡര്‍മാര്‍ അവസരം നല്‍കിയത്. 9 റണ്‍സില്‍ നില്‍ക്കെ അലക്സ് ഹെയില്‍സും റണ്ണെടുക്കുന്നതിനു മുമ്പ് യൂസഫ് പത്താനുമാണ് ഡല്‍ഹി ഫീല്‍ഡര്‍മാരുടെ ഫീല്‍ഡിംഗ് പിഴവിന്റെ ആനുകൂല്യം ലഭിച്ചത്. ഇരുവരും അവസരം വേണ്ട വിധത്തില്‍ മുതലാക്കുകയായിരുന്നു. അലക്സ് ഹെയില്‍ 45 റണ്‍സ് നേടിയപ്പോള്‍ പത്താന്‍ നിര്‍ണ്ണായകമായ 21 റണ്‍സ് നേടി ടീമിന്റെ വിജയം ഉറപ്പാക്കി.

ഹെയില്‍സിനു അവസരം നല്‍കിയത് ഗ്ലെന്‍ മാക്സ്വെല്‍ ആയിരുന്നുവെങ്കില്‍ വിജയ് ശങ്കര്‍ ആണ് യൂസഫ് പത്താനെ കൈവിട്ടത്. പരിശീലനത്തില്‍ തീവ്രമായ ക്യാച്ചിംഗ്-ഫീല്‍ഡിംഗ് പരിശീലനത്തില്‍ എല്ലാ താരങ്ങളും ഏര്‍പ്പെടാറുണ്ട് എന്നാല്‍ യഥാര്‍ത്ഥ മത്സരത്തില്‍ വരുമ്പോള്‍ സമ്മര്‍ദ്ദം ഉണ്ടെന്നുള്ളതാണ് സത്യം. അതിനാല്‍ തന്നെ ഇതെല്ലാം ഈ കളിയുടെ ഭാഗമാണ്, ആരെയും കുറ്റപ്പെടുത്താനില്ല.

മത്സരത്തിന്റെ അവസാന നിമിഷം വരെ ഡല്‍ഹി പൊരുതുന്നു എന്നതാണ് തോല്‍വിയിലും മധുരമായി തോന്നുന്നതെന്ന് ഡല്‍ഹി നായകന്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement