
58 പന്തില്‍ 82 റണ്‍സ് നേടിയ ജോസ് ബട്ലറുടെ മികവില്‍ 158 റണ്‍സ് നേടി രാജസ്ഥാന് റോയല്‍സ്. ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ ടോസ് നേടി ആദ്യ ബാറ്റിംഗ് രാജസ്ഥാന് നായകന് തിരഞ്ഞെടുക്കുകയായിരുന്നു. ജോസ് ബട്ലര് 82 റണ്‍സ് നേടി പുറത്തായ ശേഷം പഞ്ചാബ് ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയത്. അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് ആന്‍ഡ്രൂ ടൈ നേടിയത്. അവസാന അഞ്ചോവറില്‍ 38 റണ്‍സ് മാത്രമാണ് റോയല്‍സിനു നേടാനായത്. 5 വിക്കറ്റുകളാണ് ഈ പ്രയാണത്തിനിടെ ടീമിനു നഷ്ടമായത്. സഞ്ജുവും-ബട്ലറും ക്രീസില്‍ നിന്നപ്പോള്‍ 180നു മുകളിലൊരു സ്കോര്‍ നേടുമെന്ന പ്രതീതിയാണ് ടീം ഉയര്‍ത്തിയത്. എന്നാല്‍ പഞ്ചാബ് ബൗളര്‍മാരുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്.
ജോസ് ബട്ലര് പതിവു ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് റണ്‍സ് കണ്ടെത്താന്‍ രഹാനെ ബുദ്ധിമുട്ടി. 3.4 ഓവറില്‍ 37 റണ്‍സ് നേടിയപ്പോളാണ് രാജസ്ഥാനു രഹാനയെ(9) ആദ്യ വിക്കറ്റായി നഷ്ടമായത്. ആന്‍ഡ്രൂ ടൈയ്ക്കായിരുന്നു വിക്കറ്റ്. പിഞ്ച് ഹിറ്ററായി കൃഷ്ണപ്പ ഗൗതമിനെ വണ്‍ഡൗണായി ഇറക്കിയെങ്കിലും ശ്രമം വിജയം കണ്ടില്ല. 8 റണ്‍സ് നേടി ഗൗതമും മടങ്ങി. സ്റ്റോയിനിസിനായിരുന്നു വിക്കറ്റ്.
മൂന്നാം വിക്കറ്റില്‍ സഞ്ജു സാംസണ്-ജോസ് ബട്ലര് കൂട്ടുകെട്ട് റണ്‍സ് കൂടി നേടിയെങ്കിലും മുജീബ് സഞ്ജുവിന്റെ അന്തകനായി. 22 റണ്‍സായിരുന്നു സഞ്ജു നേടിയത്. 27 പന്തില്‍ തന്റെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ജോസ് ബട്ലര്ക്ക് പിന്നീട് വേണ്ടത്ര വേഗത്തില്‍ സ്കോറിംഗ് നടത്തുവാനായില്ല. 31 പന്തില്‍ നിന്ന് 32 റണ്‍സ് കൂടി നേടി 82 റണ്‍സ് എന്ന വ്യക്തിഗത സ്കോറില്‍ ബട്ലറെ പുറത്താക്കി മുജീബ് തന്റെ രണ്ടാം വിക്കറ്റ് നേടി. അവസാന ഓവറില്‍
സ്റ്റോക്സിനെയും ജോഫ്ര ആര്‍ച്ചറെയും ഉനഡ്കടിനെയും പുറത്താക്കി ആന്‍ഡ്രൂ ടൈ മത്സരത്തില്‍ തന്റെ വിക്കറ്റ് നേട്ടം നാലാക്കി മാറ്റി. 20 ഓവില് 158/8 എന്ന സ്കോറാണ് രാജസ്ഥാന് റോയല്‍സ് നേടിയത്. ടൈ നാലും മുജീബ് രണ്ടും വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്റ്റോയിനിസിനു ഒരു വിക്കറ്റ് ലഭിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial