ഇത് എന്റെ ആദ്യ ഐപിഎല്‍, എനിക്കായി ആ കിരീടം നേടിത്തരൂ – സ്റ്റോക്സ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സ് വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ട സന്ദേശം ഇത് എന്ന് രാഹുല്‍ ത്രിപാഠി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

2017 ഐപിഎലില്‍ കിരീട പോരാട്ടം മുംബൈ ഇന്ത്യന്‍സും റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സും തമ്മിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും ക്വാളിഫയറിലുമടക്കം ടൂര്‍ണ്ണമെന്റില്‍ മൂന്ന് തവണയാണ് പൂനെ മുംബൈയെ പരാജയപ്പെടുത്തിയത്. അതിനാല്‍ തന്നെ പൂനെയ്ക്ക് വിജയം കരസ്ഥമാക്കാനാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.

ഫൈനലിന് മുമ്പ് ടീം വാട്സാപ്പ് ഗ്രൂപ്പില്‍ ആ വര്‍ഷത്തെ ടൂര്‍ണ്ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട ബെന്‍ സ്റ്റോക്സ് ഇട്ട സന്ദേശം ഇത് തന്റെ ആദ്യ ഐപിഎല്‍ ആണെന്നും തനിക്കായി കിരീടം നേടണമെന്നായിരുന്നു. ഐപിഎലിന്റെ ഫൈനലില്‍ താരത്തിന് കളിക്കാനായിരുന്നില്ല. അതിന് മുമ്പ് തന്റെ ദേശീയ ടീമിന് കളിക്കാനായി താരം മടങ്ങി. അന്ന് ബെന്‍ സ്റ്റോക്സിനൊപ്പമുണ്ടായിരുന്ന സഹതാരം രാഹുല്‍ ത്രിപാഠിയാണ് ഈ ഓര്‍മ്മ പുതുക്കിയത്.

മുംബൈ രണ്ടാം ക്വാളിഫയര്‍ വിജയിച്ചപ്പോള്‍ മൂന്ന് പ്രാവശ്യം അവരെ പരാജയപ്പെടുത്തിയ നമുക്ക് വിജയിക്കുവാനാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെന്ന് രാഹുല്‍ ത്രിപാഠി വ്യക്തമാക്കി. സാധാരണ ഷോര്‍ട്സ് അണിഞ്ഞ് എത്തുന്ന കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് അന്ന് ഫോര്‍മല്‍സ് അണിഞ്ഞാണെത്തിയതെന്നും രാഹുല്‍ പറഞ്ഞു. ട്രോഫി ലഭിയ്ക്കുമെന്ന് ഫ്ലെമിംഗിന് അത്രയും ഉറപ്പായിരുന്നതിനാലാണ് ഈ വേഷത്തിലെ മാറ്റമെന്നും രാഹുല്‍ സൂചിപ്പിച്ചു.

എന്നാല്‍ പൂനെയെ ഒന്ന് ഒരു റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് കിരീടം നേടുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ നേടിയ 47 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് നേടിയപ്പോള്‍ പൂനെ ഇന്നിംഗ്സ് 128 റണ്‍സില്‍ അവസാനിച്ചു. സ്റ്റീവന്‍ സ്മിത്ത് 51 റണ്‍സും അജിങ്ക്യ രഹാനെ 44 റണ്‍സും നേടിയെങ്കിലും വിജയം ധോണി നയിച്ച ടീമിനെ കൈവിട്ടു.