മുന്‍ഗണന കാണികളുടെയും താരങ്ങളുടെ മറ്റുള്ളവരുടെയും സുരക്ഷ, എന്നാല്‍ ഐപിഎല്‍ ഉപേക്ഷിക്കുവാന്‍ വിമുഖത കാട്ടി ബിസിസിഐ

തങ്ങളുടെ എക്കാലത്തെയും മുന്‍ഗണന കാണികളുടെയും കളിക്കാരുടെയും മറ്റു അനുബന്ധ ജോലിക്കാരുടെയും സുരക്ഷയാണെന്നും അതാണ് ഐപിഎല്‍ ഏപ്രില്‍ 15 വരെ നീട്ടി വെച്ചതെന്നും വ്യക്തമാക്കി ബിസിസിഐ. എന്നാല്‍ ഇത്തരം സാഹചര്യത്തിലും ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുക എന്നത് അവസാന മാര്‍ഗ്ഗമായി മാത്രമാണ് ബിസിസിഐ നോക്കി കാണുന്നത്. സര്‍ക്കാരുമായി ചേര്‍ന്ന് കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ വ്യക്തമാക്കിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും മറ്റു തത്പരകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി മുന്നോട്ടുള്ള കാര്യം നിശ്ചയിക്കുമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട്-മൂന്ന് ആഴ്ചകള്‍ക്ക് ശേഷം കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാവും ബിസിസിഐയുടെ വഷയത്തിലുള്ള പുതിയ തീരുമാനം.

ബിസിസിഐയോ സ്റ്റാറോ ഐപിഎല്‍ നടത്തി ലാഭം നേടുക എന്ന ലക്ഷ്യത്തോടെയല്ല എന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉടമ നെസ്സ് വാഡിയ ചര്‍ച്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടത്. ഐപിഎല്‍ നടക്കണമെന്നാണ് ആഗ്രഹമെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അത് വേണമെന്ന് ഒരു ഫ്രാഞ്ചൈസികളും വാശിപിടിക്കില്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ വ്യക്തമാക്കി.

കാത്തിരുന്ന് സ്ഥിതി ഭേദമായ ശേഷം ഇതിന്മേലൊരു തീരുമാനം ഉണ്ടാകുമെന്ന് പാര്‍ത്ഥ് പ്രത്യാശ പ്രകടിപ്പിച്ചു. ഈ നടന്ന മീറ്റിംഗ് ഉടമകളെ സ്ഥിതിഗതികള്‍ അറിയിക്കുവാന്‍ വേണ്ടി നടത്തിയതാണെന്നും പാര്‍ത്ഥ് വ്യക്തമാക്കി.