ഇന്ത്യക്ക് പുറത്ത് ഐ.പി.എൽ നടത്താൻ ബി.സി.സി.ഐ ആലോചന

- Advertisement -

കൊറോണ വൈറസ് ബാധമൂലം അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് സാധ്യമാവുകയാണെങ്കിൽ ഇന്ത്യക്ക് പുറത്ത് നടത്താനുള്ള സാധ്യത തേടി ബി.സി.സി.ഐ. ഇന്ത്യയിൽ ഐ.പി.എൽ നടത്തുകയാണ് ബി.സി.സി.ഐയുടെ ലക്ഷ്യമെന്നും എന്നാൽ അതിനു കഴിയാതെ വന്നാൽ രാജ്യത്തിന് പുറത്ത് ടൂർണമെന്റ് നടത്താനുള്ള സാധ്യതകളും ബി.സി.സി.ഐ നോക്കുന്നുണ്ടെന്ന് ബി.സി.സി.ഐ ട്രെഷറർ അരുൺ ധുമാൽ പറഞ്ഞു.

മുൻപ് ഇന്ത്യൻ പ്രീമിയർ ലീഗ് ദക്ഷിണാഫ്രിക്കയിൽ നടത്തിയിട്ടുണ്ടെന്നും ഇന്ത്യയിൽ നടത്താൻ യാതൊരു സാധ്യതയും ഇല്ലെങ്കിൽ രാജ്യത്തിന് പുറത്ത് വെച്ച് ഐ.പി.എൽ നടത്താനുള്ള സാധ്യത പരിഗണിക്കുമെന്നും ധുമാൽ പറഞ്ഞു. നിലവിൽ ലോകത്ത് എവിടെവെച്ചും ഐ.പി.എൽ നടത്തുക പ്രായോഗികമല്ലെന്നും എല്ലാ രാജ്യങ്ങളും കൊറോണ വൈറസ് ബാധയുടെ പിടിയിലാണെന്നും ബി.സി.സി.ഐ ട്രെഷറർ പറഞ്ഞു. നേരത്തെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ശ്രീലങ്കയിൽ കൊറോണ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ധുമാൽ പറഞ്ഞു.

നേരത്തെ രണ്ട് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യക്ക് പുറത്ത് വെച്ച് നടന്നിട്ടുണ്ട്. 2009ൽ ഇന്ത്യൻ പ്രീമിയർ ലീഗ് മുഴുവനായി ദക്ഷിണാഫ്രിക്കയിൽ വെച്ച്‌നടന്നപ്പോൾ 2014ൽ ടൂർണമെന്റിന്റെ ഒരു ഭാഗം യു.എ.ഇയിൽ വെച്ച് നടന്നിരുന്നു.

Advertisement