ടസ്കേഴ്സിനു നക്കാപിച്ച നല്‍കി ഒതുക്കുവാനുള്ള ശ്രമങ്ങളുമായി ബിസിസിഐ

- Advertisement -

ആറു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ കൊച്ചി ടസ്കേഴ്സുമായി കോടതിയ്ക്ക് പുറത്തൊരു ഒത്തുതീര്‍പ്പിനു ശ്രമിച്ച് ബിസിസിഐ. ഐപിഎലില്‍ വിവോയുമായി പുതിയ കരാര്‍ ഉറപ്പിച്ച അന്ന് തന്നെയാണ് ബിസിസിഐ അനുനയ ശ്രമമായി കൊച്ചി ടീമിനെ സമീപിച്ചിരിക്കുന്നത്. 2011ല്‍ ഐപിഎല്‍ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തി എന്നാരോപിച്ചാണ് കൊച്ചി ടസ്കേഴ്സ് കേരള ടീമിനെ ബിസിസിഐ പുറത്താക്കിയത്.

നാല് വര്‍ഷമായ നടന്ന വന്ന നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ആര്‍ബിട്രേഷനില്‍ നിന്ന് കൊച്ചിയ്ക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. വിധി പ്രകാരം ബിസിസിഐ കൊച്ചിയ്ക്ക് ബാങ്ക് ഗാരന്റിയായി നല്‍കിയ 153 കോടി രൂപയും അതിന്റെ 18% പലിശയ്ക്ക് പുറമേ 538 കോടി രൂപ കൂടി നല്‍കുവാനാണ് വിധിച്ചത്. അതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച ബിസിസഐ കേസിന്മേല്‍ ജൂലായ് 28നു മറ്റൊരു സെഷന്‍ നടക്കാനിരിക്കുന്നതിനിടെയാണ് തുച്ഛമായ തുക നല്‍കി ഒതുക്കുവാന്‍ ശ്രമിക്കുന്നത്.

പുറത്ത് വരുന്ന വിവരങ്ങള്‍ പ്രകാരം 460 കോടി രൂപയാണ് ബിസിസിഐ കൊച്ചിക്ക് കേസ് അവസാനിപ്പിക്കുവാനായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആര്‍ബിട്രേഷന്‍ വിധി പ്രകാരം 1000 കോടിയ്ക്ക് മുകളില്‍ വരുന്ന തുക കൊച്ചിയ്ക്ക് നഷ്ടപരിഹാരമായി ലഭിക്കുമെന്നിരിക്കെയാണ് ബിസിസിഐ കാര്യങ്ങള്‍ നക്കാപിച്ച നല്‍കി ഒതുക്കുവാന്‍ ശ്രമിക്കുന്നത്.

നഷ്ടപരിഹാരത്തുക എന്നതിനെക്കാള്‍ കൊച്ചി ടസ്കേഴ്സ് കേരള ഉടമകള്‍ ആഗ്രഹിക്കുന്നത് ടീമിനെ ടൂര്‍ണ്ണമെന്റിലേക്ക് തിരികെ ഉള്‍പ്പെടുത്തണമെന്നുള്ളതാണെന്നിരിക്കെ ഈ തുച്ഛമായ തുകയ്ക്ക് ഒത്ത് തീര്‍പ്പിനു കൊച്ചി അധികാരികള്‍ വഴങ്ങുവാന്‍ സാധ്യതയില്ല. കൊച്ചിയെ തിരിച്ച് ഐപിഎല്‍-ല്‍ എടുക്കാനാകില്ല എന്ന് ബിസിസിഐ വളരെ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement