തിരഞ്ഞെടുപ്പ് തീയ്യതികള്‍ എത്തി, ഇനി കാത്തിരിപ്പ് ഐപിഎല്‍ മുഴുവന്‍ ഫിക്സ്ച്ചറുകള്‍ക്ക്

ഇന്ത്യയില്‍ 2019ലെ ലോകസഭ തിരഞ്ഞെടുപ്പ് തീയ്യതികള്‍ ഇന്ന് ഇലക്ഷന്‍ കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ ഇനി ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ് ഐപിഎലിന്റെ മുഴുവന്‍ ഫിക്സ്ച്ചറുകള്‍ക്കായി. നേരത്തെ ഇലക്ഷന്‍ തീയ്യതികള്‍ പൂര്‍ണ്ണമായും പുറത്തിറങ്ങാത്തതിനാല്‍ ഐപിഎല്‍ മത്സരക്രമങ്ങള്‍ ആദ്യ രണ്ടാഴ്ചത്തേത് മാത്രമാണ് ബിസിസിഐ പുറത്ത് വിട്ടത്.

ഏഴ് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചതോടെ ഇനി ബിസിസിഐയ്ക്ക് ഇതിനെ ബാധിക്കാത്ത തരത്തിലുള്ള ഫിക്സ്ച്ചറുകള്‍ തയ്യാറാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്. ഏപ്രില്‍ 11നു ആരംഭിക്കുന്ന ആദ്യ ഘട്ടം മേയ് 19നു അവസാനിക്കുകയും വോട്ടെണ്ണല്‍ മേയ് 23നു നടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം.

ഇന്ത്യയില്‍ തന്നെ മത്സരങ്ങള്‍ നടത്തുമോ അതോ പുറത്ത് എവിടെയെങ്കിലും ഐപിഎല്‍ സംഘടിപ്പിക്കുമോ എന്ന നിര്‍ണ്ണായക തീരുമാനവും ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ കൈക്കൊള്ളേണ്ടതുണ്ട്. അതേ സമയം ടൂര്‍ണ്ണമെന്റിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി സ്റ്റാറിനു ഇന്ത്യയില്‍ മത്സരങ്ങള്‍ പൂര്‍ണ്ണമായും നടത്തണമെന്ന ആഗ്രഹമാണുള്ളത്. മേയ് 30നു ലോകകപ്പ് ആരംഭിക്കുമെന്നതിനാല്‍ മേയ് 19നു ഫൈനല്‍ മത്സരം നടത്തണമെന്നാണ് ഐപിഎല്‍ അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ മേയ് 19നാണ് ഇലക്ഷന്റെ അവസാന ഘട്ടം നടക്കാനിരിക്കുന്നത്.

ഇതിനു മുമ്പ് ലോകസഭ ഇലക്ഷനുകള്‍ നടന്ന് 2009ല്‍ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലും 2014ല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ഘട്ടം യുഎഇയിലും ബിസിസിഐ നടത്തിയിട്ടുണ്ട്.