അഞ്ച് തവണയും പുറത്തായത് ലെഗ് സ്പിന്നര്‍ക്ക് വിക്കറ്റ് നല്‍കി, ബൈര്‍സ്റ്റോയ്ക്ക് ലെഗ് സ്പിന്‍ കളിക്കുവാന്‍ ബുദ്ധിമുട്ടോ?

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ സണ്‍റൈസേഴ്സിന്റെ കീപ്പറും ഓപ്പണറുമായി ജോണി ബൈര്‍സ്റ്റോ നില്‍ക്കുന്നത്. എന്നാല്‍ താരം ടൂര്‍ണ്ണമെന്റില്‍ അഞ്ച് മത്സരങ്ങളിലും പുറത്തായത് ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെയാണെന്നത് ഒരു പ്രത്യേകത തന്നെയാണ്. ലെഗ് സ്പിന്‍ ബൗളിംഗിനെ നേരിടുവാന്‍ താരം ബുദ്ധിമുട്ടുന്നുവെന്ന് പറയാനാകുമോ എന്നറിയില്ലേലും താരത്തെ പുറത്താക്കിയത് എല്ലാം ലെഗ് സ്പിന്നര്‍മാരാണ്.

ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കെതിരെ(39) പിയൂഷ് ചൗളയും രാജസ്ഥാന്‍ റോയല്‍സിനെതിരെ(45) ശ്രേയസ്സ് ഗോപാലുമാണ് ബൈര്‍സ്റ്റോയെ പുറത്താക്കിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ശതകം നേടിയ(114) ശേഷം താരം പുറത്തായത് യൂസുവേന്ദ്ര ചഹാലിനു വിക്കറ്റ് നല്‍കിയാണ്.

അടുത്ത മത്സരത്തില്‍ രാഹുല്‍ തെവാത്തിയയ്ക്കായിരുന്നു ബൈര്‍സ്റ്റോയുടെ വിക്കറ്റ്. അന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ താരം നേടിയത് 48 റണ്‍സ്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ വെറും 16 റണ്‍സ് മാത്രം നേടി താരം ടൂര്‍ണ്ണമെന്റിലെ ഇതുവരെയുള്ള തന്റെ ഏറ്റവും കുറഞ്ഞ സ്കോര്‍ നേടി പുറത്തായപ്പോള്‍ വിക്കറ്റ് നേടിയത് രാഹുല്‍ ചഹാര്‍ ആയിരുന്നു.