കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടിയായി പരിക്ക്

ഐപിഎല്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും പരിക്കിന്റെ പിടിയിലായി ഒരു താരം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്ജേയെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു നഷ്ടമായത്. നേരത്തെ ശിവം മാവിയ്ക്കും കമലേഷ് നാഗര്‍കോടിയ്ക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് ടീം സന്ദീപ് വാര്യറെയും കെസി കരിയപ്പയെയും ടീമില്‍ എത്തിച്ചിരുന്നു.

ഇപ്പോള്‍ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നോര്‍ട്ജേയുടെ പരിക്ക് ടീമിനു തിരിച്ചടിയായിരിക്കുന്നത്. തോളിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് താരത്തെ ഐപിഎല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. എംസാന്‍സി സൂപ്പര്‍ ലീഗിലെ മികച്ച പ്രകടനമാണ് താരത്തിനെ ഐപിഎലിലേക്ക് എത്തിക്കുവാന്‍ കാരണമായത്. ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് താരം എട്ട് വിക്കറ്റാണ് നേടിയത്.

മികച്ച പേസില്‍ പന്തെറിയാനാകും എന്നതാണ് ഈ 25 വയസ്സുകാരന്‍ താരത്തിന്റെ പ്രത്യേകത. അടുത്തിടെ ലങ്കയ്ക്കെതിരെ ഏകദിന അരങ്ങേറ്റവും താരം കുറിച്ചിരുന്നു. പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റാണ് നോര്‍ട്ജേ സ്വന്തമാക്കിയത്.

Previous articleശിവം ഡുബേയ്ക്ക് ഫിനിഷറുടെ റോളെന്ന് ആര്‍സിബി
Next articleഐപിഎല്‍ കളിയ്ക്കുവാന്‍ അനുമതി ലഭിച്ച് ഷാക്കിബ് അല്‍ ഹസന്‍