പൊള്ളാര്‍ഡിനൊപ്പം സ്ലോഗ് ഓവറുകളില്‍ ബാറ്റിംഗ് എന്നും ആസ്വദിച്ചിരുന്നു – ഹാര്‍ദ്ദിക് പാണ്ഡ്യ

Pollardhardik
- Advertisement -

കൈറണ്‍ പൊള്ളാര്‍ഡിനൊപ്പം സ്ലോഗ് ഓവറുകളില്‍ ബാറ്റിംഗ് ചെയ്യുന്നത് താന്‍ എന്നും ആസ്വദിച്ചിരുന്ന കാര്യമാണെന്ന് വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് അപരാജിതമായ അഞ്ചാം വിക്കറ്റില്‍ നേടിയത്.

23 പന്തില്‍ നിന്നാണ് ഈ നേട്ടം ഈ കൂട്ടുകെട്ട് നേടിയത്. ഇത് പലവട്ടം തങ്ങള്‍ ചെയ്തിട്ടുള്ളതാണെന്നും അത് താന്‍ ഏറെ ആസ്വദിക്കുന്ന ഒന്നാണെന്നും ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി. 191 റണ്‍സെന്ന സ്കോര്‍ താന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ലെങ്കിലും പൊള്ളാര്‍ഡിന്റെ സാന്നിദ്ധ്യമാണ് അത് സാധ്യമാക്കിയതെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി.

പൊള്ളാര്‍ഡ് 20 പന്തില്‍ നിന്ന് 47 റണ്‍സും ഹാര്‍ദ്ദിക് 11 പന്തില്‍ 30 റണ്‍സും നേടിയാണ് പുറത്താകാതെ നിന്നത്. ഇരുവരും ചേര്‍ന്ന് 6 സിക്സുകളാണ് നേടിയത്. അവസാന 6 ഓവറില്‍ നിന്ന് മാത്രം 104 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിന് നേടിയത്.

Advertisement