ആധികാരിക വിജയവുമായി വാര്‍ണറും സംഘവും

ഐപിഎലിലെ തന്റെ രണ്ടാം മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ റഷീദ് ഖാന്‍, അര്‍ദ്ധ ശതകങ്ങളുമായി ഡേവിഡ് വാര്‍ണര്‍, മോയിസസ് ഹെന്‍റികസ് എന്നിവരുടെ മികവില്‍ സണ്‍റൈസേഴ്സിനു ഗുജറാത്ത് ലയണ്‍സിനു മേല്‍ ആധികാരിക ജയം. തുടര്‍ച്ചയായ രണ്ടാം ജയമാണ് ഐപിഎല്‍ പത്താം പതിപ്പില്‍ വാര്‍ണറും സംഘവും സ്വന്തമാക്കിയത്. ടോസ് നേടിയ ഹൈദ്രാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

പതിവു പോലെ നാല് വിദേശ ബാറ്റിംഗ് താരങ്ങളുമായി ഇറങ്ങിയ ഗുജറാത്ത് ബൗളിംഗിനായി ഇന്ത്യന്‍ താരങ്ങളെയാണ് ആശ്രയിച്ചത്. മലയാളി താരം ബേസില്‍ തമ്പിയും തേജസ് ബറോകയും അവസാന ഇലവനില്‍ മന്‍പ്രീത് ഗോണി, ശദബ് ജകാതി എന്നിവര്‍ക്ക് പകരക്കാരായി ഇടം പിടിച്ചു. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രം നേടാനായ ലയണ്‍സിന്റെ ഇന്നിംഗ്സിനു കടിഞ്ഞാണിട്ടത് റഷീദ് ഖാനാണ്. തന്റെ നാലോവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ സ്വന്തമാക്കിയ റഷീദ് ഖാനു മുന്നില്‍ ഗുജറാത്ത് ടോപ് ഓര്‍ഡര്‍ തകരുകയായിരുന്നു. 31 റണ്‍സ് നേടി ആക്രമണം അഴിച്ചുവിടുകയായിരുന്ന ജേസണ്‍ റോയിയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ശിഖര്‍ ധവാന്‍ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ബ്രന്‍ഡന്‍ മക്കല്ലം, സുരേഷ് റൈന, ആരോണ്‍ ഫിഞ്ച് എന്നിവരെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ റഷീദ് ഒരു ഘട്ടത്തില്‍ ഗുജറാത്തിനെ 57/4 എന്ന സ്ഥിതിയിലേക്ക് തള്ളിവിടുകയായിരുന്നു. പിന്നീട് ദിനേശ് കാര്‍ത്തിക്(30), ഡ്വെയിന്‍ സ്മിത്ത് എന്നിവര്‍ ചേര്‍ന്ന് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു. 56 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ബേസില്‍ തമ്പി 8 പന്തില്‍ 13 റണ്‍സ് നേടി പുറത്താകാതെ നിന്നു.

https://twitter.com/HibaAfghan/status/851079660117143552

റഷീദ് ഖാനു പുറമേ, ഭുവനേശ്വര്‍ കുമാര്‍(2), ആശിഷ് നെഹ്റ(1) എന്നിവരാണ് ഹൈദ്രാബാദിനു വേണ്ടി വിക്കറ്റ് പട്ടികയില്‍ ഇടം നേടിയത്.

മറുപടി ബാറ്റിംഗിനറങ്ങിയ ഹൈദ്രാബാദ് 15.3 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നാലാം ഓവറില്‍ ശിഖര്‍ ധവാനെ നഷ്ടമായ ശേഷം ഹൈദ്രാബാദിന്റെ പൂര്‍ണ്ണമായ ആധിപത്യമാണ് മത്സരത്തില്‍ കാണാനിടയായത്. ഡേവിഡ് വാര്‍ണര്‍(76*), മോയിസസ് ഹെന്‍റികസ്(52*) എന്നിവര്‍ ചേര്‍ന്ന് പരിചയസമ്പന്നരല്ലാത്ത ഗുജറാത്ത് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിയ്ക്കുകയായിരുന്നു. പ്രവീണ്‍ കുമാറിനാണ് ഏക വിക്കറ്റ് ലഭിച്ചത്. തന്റെ ബൗളിംഗ് പ്രകടനത്തിലൂടെ റഷീദ് ഖാനു മാന്‍ ഓഫ് ദി മാച്ചും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയതിനുള്ള പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി.

Previous articleവിജയ വഴിയിൽ തിരിച്ചെത്തി യുണൈറ്റഡ്‌, ലുകാകുവിന്റെ മികവിൽ എവർട്ടൻ
Next articleക്ലബ് ഫുട്ബോൾ ചാമ്പ്യന്മാരെ ഇന്നറിയാം, പുതിയ ഗോകുലമോ പഴയ എസ് ബി ടിയോ