യോര്‍ക്കറുകള്‍ എറിയുവാനാകുമെന്ന തന്റെ വിശ്വാസം തുണയായി, ടെസ്റ്റ് ക്രിക്കറ്റ് കളിച്ചതിന് ശേഷം ആത്മവിശ്വാസം ഉയര്‍ന്നു – മുഹമ്മദ് സിറാജ്

Mohammadsirajrcb

14 റണ്‍സായിരുന്നു അവസാന ഓവറില്‍ ഡല്‍ഹിയ്ക്ക് വിജയിക്കുവാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ മികച്ച രീതിയില്‍ പന്ത് കണക്ട് ചെയ്യുകയായിരുന്നു ഷിമ്രണ്‍ ഹെറ്റ്മ്യറും കൂറ്റനടികള്‍ക്ക് പേരുകേട്ട ഋഷഭ് പന്തും. മുഹമ്മദ് സിറാജിനെയാണ് വിരാട് കോഹ്‍ലി തന്റെ ടീമിന്റെ രക്ഷകനാകുവാന്‍ പന്ത് ഏല്പിച്ചത്. സിറാജ് എറിഞ്ഞ ഓവറിലെ ആദ്യ നാല് പന്തുകളില്‍ കൂറ്റനടി സാധിക്കാതെ പോയപ്പോള്‍ ഡല്‍ഹിയ്ക്ക് അവസാന രണ്ട് പന്തില്‍ ലക്ഷ്യം പത്തായി മാറി. രണ്ട് ബൗണ്ടറി നേടുവാന്‍ ഋഷഭ് പന്തിന് സാധിച്ചുവെങ്കിലും വിജയം ഒരു റണ്‍സിന് ആര്‍സിബി സ്വന്തമാക്കി.

ഹെറ്റ്മ്യറിനും പന്തിനും എതിരെ തനിക്ക് യോര്‍ക്കറുകള്‍ എറിയുവാന്‍ ആകുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും അത് തനിക്ക് വിജയകരമായി സാധിച്ചുവെന്നുമാണ് മത്സര ശേഷം സിറാജ് പറഞ്ഞത്. യോര്‍ക്കറുകള്‍ എറിയുക എന്നത് മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അതിന് തനിക്ക് സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും സിറാജ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാന്‍ സാധിച്ചതില്‍ പിന്നെ തന്റെ ആത്മവിശ്വാസം ഏറെ ഉയര്‍ന്നുവെന്നും തന്റെ ലൈനും ലെംഗ്ത്തും വലിയ തോതില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ആര്‍സിബി പേസര്‍ പറഞ്ഞു. ഇഷാന്ത് ശര്‍മ്മയ്ക്കും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യാനായതും തനിക്ക് തുണയായി എന്ന് മുഹമ്മദ് സിറാജ് പറഞ്ഞു.