ഹോം അഡ്വാന്റേജും സ്പിന്‍ കരുത്തിനെയും ആശ്രയിച്ച് കൊല്‍ക്കത്ത, അട്ടിമറി സാധ്യതകള്‍ തേടി രാജസ്ഥാന്

ഐപിഎല്‍ 2018ലെ ആദ്യ എലിമിനേറ്ററിനു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന് റോയല്‍സും ഏറ്റുമുട്ടുമ്പോള്‍ മുന്‍തൂക്കം ആതിഥേയരായ കൊല്‍ക്കത്തയ്ക്ക് തന്നെയാണ്. അവസാന നിമിഷം മുംബൈയ്ക്കും പഞ്ചാബിനും കാലുകളിടറിയപ്പോളാണ് രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കുന്നത്. കൂടാതെ ടീമിന്റെ രണ്ട് മികച്ച താരങ്ങളുടെ സേവനം അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു എന്നതും ടീമിന്റെ ശക്തി ക്ഷയിപ്പിക്കുന്നു. എന്നാല്‍ ബാംഗ്ലൂരിനെതിരെ ആധികാരിക ജയം നേടാനായതും പ്ലേ ഓഫുകളിലേക്ക് കടന്നതിന്റെ ആത്മവിശ്വാസം ടീമിന്റെ പ്രകടനത്തെ സ്വാധീനിച്ചാല്‍ കൊല്‍ക്കത്തയ്ക്ക് അല്പം വിയര്‍പ്പൊഴിക്കേണ്ടി വന്നേക്കാം. കഴിഞ്ഞ മത്സരത്തില്‍ മികച്ച നിലയില്‍ നിന്ന് രാജസ്ഥാനെ തകര്‍ക്കുവാന്‍ സാധിച്ചത് കൊല്‍ക്കത്തയ്ക്കും ആശ്വാസം നല്‍കും.
ഇരു ടീമുകളുടെയും ശക്തി സ്പിന്‍ തന്നെയാണ്. കൊല്‍ക്കത്ത പരമ്പരാഗതമായി സ്പിന്നിനെ ഏറെ ആശ്രയിക്കുന്ന ടീമാണ്. സുനില്‍ നരൈന് നയിക്കുന്ന സ്പിന്‍ പടയില്‍ കുല്‍ദീപ് യാദവിന്റെയും പിയൂഷ് ചൗളയുടെയും സാന്നിധ്യം അതിനെക്കുടുതല് ശക്തമാക്കുന്നു. അതേ സമയം ടി20യിലെ ഒന്നാം റാങ്ക് നേടിയിട്ടുള്ള ഇഷ് സോധിയുടെ നേതൃത്വത്തിലിറങ്ങുന്ന രാജസ്ഥാന്റെ സ്പിന്‍ ബൗളിംഗ് താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞവരാണെങ്കിലും പലപ്പോഴും എതിരാളികളെ ഞെട്ടിക്കുവാന്‍ പോന്നതാണ്.
ബാറ്റിംഗാണ് രാജസ്ഥാനെ സംബന്ധിച്ചു മറ്റൊരു തലവേദന. ജോസ് ബട്ലര് മടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമായിരിക്കുകയാണ്. രാഹുല്‍ ത്രിപാഠി ബാംഗ്ലൂരിനെതിരെ തിളങ്ങിയത് ടീമിനു ആശ്വാസമാകുമ്പോളും ക്യാപ്റ്റന്‍ രഹാനെയുടെയും സഞ്ജു സാംസണിന്റെയും ഫോമില്ലായ്മ ടീമിനെ അലട്ടുന്നു. കൃഷ്ണപ്പ ഗൗതം പലപ്പോഴാഴും ചെറിയ വെടിക്കെട്ടുകള്‍ പുറത്തെടുക്കുമ്പോളും മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല.
ദിനേശ് കാര്‍ത്തിക്കാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് നെടുംതൂണ്. ചേസിംഗില്‍ അപരാജിതനായി ടീമിനെ വിജയത്തിലേക്ക് നയിക്കുക ശീലമാക്കിയിട്ടുണ്ട് കാര്‍ത്തിക്ക് ഈ സീസണില്‍. ടോപ് ഓര്‍ഡറില്‍ സുനില്‍ നരൈന് വെടിക്കെട്ട് തുടരുമ്പോള്‍ ലിന് തന്റെ പതിവു ശൈലിയിലല്ലെങ്കിലും റണ്‍സ് കണ്ടെത്തുന്നത് കൊല്‍ക്കത്തയ്ക്ക് ആശ്വാസമാണ്. റോബിന് ഉത്തപ്പയുടെ ഫോമില്ലായ്മയാണ് ടീമിനെ അലട്ടുന്ന മറ്റൊരു ഘടകം.
ജയം ആര്‍ക്ക് തന്നെയായാലും സണ്‍റൈസേഴ്സ് എന്ന മറ്റൊരു കടമ്പ കൂടി കടക്കാനുണ്ട് ഇന്നത്തെ വിജയികള്‍ക്ക് ചെന്നൈയുമായി ഫൈനല്‍ പോരാട്ടം ഉറപ്പിക്കുവാന്‍. കൊല്‍ക്കത്തയില്‍ മഴ ഭീഷണിയുണ്ടെന്നിരിക്കെ മത്സരം തടസ്സപ്പെടുന്ന സാഹചര്യം വന്നാല്‍ പോയിന്റ് പട്ടികയിലെ സ്ഥാനം കണക്കിലാക്കി കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial